നാലു വർഷ ബിരുദം: യോഗം ചേർന്നു
Friday 09 December 2022 1:06 AM IST
തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം മുതൽ നാലുവർഷ ബിരുദം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്, കോഴ്സുകളുടെ സിലബസ് നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രി ആർ.ബിന്ദു വിളിച്ചുചേർത്ത യോഗത്തിൽ ചർച്ചയായി. നിയമസഭയിലെ ലയം ഹാളിൽ ചേർന്ന യോഗത്തിൽ കണ്ണൂർ, സംസ്കൃതം വി.സിമാരും മറ്റ് വാഴ്സിറ്റികളിലെ പി.വി.സി, രജിസ്ട്രാർമാരും പങ്കെടുത്തു.
സിലബസിന്റെ പൊതുമാനദണ്ഡം സർക്കാർ നൽകുമെന്നും ഇത് ബോർഡ് ഒഫ് സ്റ്റഡീസുകൾ പരിഗണിച്ച് സിലബസ് പരിഷ്കരണം നടപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മാനദണ്ഡത്തിന് അന്തിമരൂപം നൽകാൻ കരിക്കുലം കമ്മിറ്റിയെ ഉടൻ നിയോഗിക്കും. നാലുവർഷ ബിരുദം നടപ്പാക്കുന്നതിന് അദ്ധ്യാപകരുടെ കുറവടക്കം യോഗത്തിൽ വി.സിമാർ ചൂണ്ടിക്കാട്ടി.