ഭയന്ന് വിറച്ച് കലഞ്ഞൂർ, പുലി മടയിലോ!

Friday 09 December 2022 12:17 AM IST

കോന്നി : ഇഞ്ചപ്പാറയിലെ പാറമടയുടെ മുകളിലൂടെ പുലി നടന്നുപോകുന്നത് കുടുബശ്രീ പ്രവർത്തകർ കണ്ടിരുന്നു. വിജനമായ പാറമട പുലിമടയായി മാറിയോയെന്ന സംശയത്തിലാണ് പ്രദേശവാസികൾ.

പുലിപ്പേടിയിൽ കഴിയുകയാണ് കലഞ്ഞൂർ പഞ്ചായത്തിലെ ഇഞ്ചപ്പാറ, കാരക്കക്കുഴി, കല്ലുവിള, പാക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ. സന്ധ്യ കഴിഞ്ഞാൽ വീടിന്‌ പുറത്തിറങ്ങാൻ ഭയമാണ്. കഴിഞ്ഞ പതിനഞ്ചു ദിവസങ്ങൾക്കിടയിൽ ഏഴു തവണയാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പുലിയുടെ സാന്നിദ്ധ്യമുണ്ടായത്. പുലർച്ചെ മൂന്ന് മണിക്ക് റബർ ടാപ്പിംഗ് നടത്തുന്നവർ ഇപ്പോൾ പുറത്ത് ഇറങ്ങുന്നില്ല. പലരും പകൽ സമയങ്ങളിൽ പോലും വീടിന്റെ വാതിലുകൾ തുറക്കുന്നില്ല. ഗേറ്റുകളെല്ലാം അടഞ്ഞു കിടക്കുന്നു. പുലി വീട്ടുമുറ്റത്തു വരെ എത്തിയതോടെ വിറങ്ങലിച്ചു നിൽക്കുകയാണ് ഇൗ നാട്. പുലിയെ കണ്ടതോടെ തൊഴിലുറപ്പ് തൊഴിലാളികളും പണിക്കിറങ്ങുന്നില്ല. കൊച്ചുകുട്ടികളെ വീടിന്‌ പുറത്ത് കളിക്കാൻ വിടാൻ പോലും മടിക്കുകയാണ്. പ്രദേശത്തെ പത്രവിതരണം വൈകിയാണ് നടക്കുന്നത്. പ്രഭാത സവാരിയും പലരും നിറുത്തി. കുട്ടികളെ സ്കൂളിൽ വിടാനും മാതാപിതാക്കൾ മടിക്കുന്നു. നാട്ടുപാതകൾ വിജനമാകുകയാണ്. കാൽനടയാത്രക്കാർ കുറഞ്ഞു. രാത്രിയാത്ര പൂർണമായും ഒഴിവായി. വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന മാതാപിതാക്കളെ വിദേശത്ത് നിന്ന് ഫോണിൽ വിളിച്ചു സുരക്ഷ ഉറപ്പാക്കുകയാണ് മക്കൾ. ഇഞ്ചപ്പാറ, കാരക്കക്കുഴി, കല്ലുവിള, പാക്കണ്ടം തുടങ്ങിയ ഗ്രാമങ്ങളിലെ ജീവിതം ഈ രീതിയിലേക്ക് മാറിക്കഴിഞ്ഞു. കുടുംബശ്രീ പ്രവർത്തകരായ 15 ഓളം സ്ത്രീകൾ ഒന്നിച്ചാണ് പുലിയെ കണ്ടത്. ഇതിനിടെ വളർത്തുമൃഗങ്ങളെയും പുലി കൊന്നു. പ്രദേശത്തെ റബർ തോട്ടങ്ങളിലെയും പാറമടകളുടെ സമീപത്തെയും പൊന്തക്കാടുകൾ വന്യമൃഗങ്ങളുടെ താവളമാണ്. കാട്ടാനയുടെയും കാട്ടുപന്നികളുടെയും ശല്യത്തിൽ പൊറുതിമുട്ടിയവരുടെ ഇടയിലേക്കാണ് പുലിയും ഇറങ്ങിയിരിക്കുന്നത്.

വനമേഖലയോട് ചേർന്ന് താമസിക്കുന്ന മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും സംരക്ഷണത്തിന് സർക്കർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement