ആവിക്കൽതോടിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമാണം തടഞ്ഞ് കോടതിയുടെ ഇടക്കാല ഉത്തരവ്
കോഴിക്കോട് : വെള്ളയിൽ ആവിക്കൽതോടിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ പണിയുന്ന മലിനജല സംസ്കരണ പ്ലാന്റിന്റെ നിർമാണം തടഞ്ഞ് കോടതിയുടെ ഇടക്കാല ഉത്തരവ്. രണ്ടാം പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ചുമതലയുള്ള മുൻസിഫ് എം.സി.ബിജുവിന്റേതാണ് ഉത്തരവ്.
പ്ലാന്റിനെതിരായ ഹർജിയിയിൽ അന്തിമ ഉത്തരവ് വരുന്നത് വരെയാണ് നിർമാണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ്. തോടിന്റെ അവസ്ഥയിൽ മാറ്റം വരുത്തരുതെന്ന് ഉത്തരവിലുണ്ട്.
കോടതി നിർദ്ദേശപ്രകാരം അഭിഭാഷക കമ്മിഷൻ അഡ്വ.പി.ഗിരീഷ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പുതിയ കടവ് നിഹ്‌മത്ത് മൻസിലിൽ സക്കീർ ഹുസൈനാണ് ഹർജിക്കാരൻ. കോർപ്പറേഷന്റെ വാദവും മറ്റ് രേഖകളും കോടതി പരിശോധിച്ചു. കോർപ്പറേഷൻ സെക്രട്ടറി, ജില്ലാകളക്ടർ എന്നിവരാണ് എതിർകക്ഷികൾ.
@ ജനങ്ങളെ അടിച്ചൊതുക്കി പ്ലാന്റ് പണി
അനുവദിക്കില്ല: പി.എം.എ സലാം.
കോഴിക്കോട്: പള്ളിക്കണ്ടി അഴീക്കൽ റോഡിൽ കല്ലായിപ്പുഴ നികത്തിയും ജനങ്ങളെ അടിച്ചൊതുക്കിയും ശുചി മുറി മാലിന്യ പ്ലാന്റ് കൊണ്ടുവരുമെന്ന് ദുർവാശി കാണിച്ചാൽ നോക്കി നിൽക്കാനാകില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മുന്നറിയിപ്പ് നൽകി. പ്ലാന്റിന് ഞങ്ങൾ എതിരല്ല. എന്നാൽ ജനവാസ മേഖലയിൽ പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കിയല്ല വികസന പദ്ധതി കൊണ്ടുവരേണ്ടത്. പ്ലാന്റിന് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താൻ അധികാരികൾ തയ്യാറാകണം.
പുഴ നികത്തി പ്ലാന്റ് നിർമിക്കുന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജനറൽ സെക്രട്ടറി എം.എ.റസാഖ്, ജനകീയ പ്രതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി, കെ.മുഹമ്മദലി, അഹമ്മദ് പുന്നക്കൽ, യു.സജീർ, എം.പി. സക്കീർ ഹുസൈൻ, കെ.അസ് ലം, പി.വി. ഇസ്ഹാഖ്, സമീർ കല്ലായി എന്നിവർ ഒപ്പമുണ്ടായിരുന്നു.