സിൽവർലൈൻ: ഭൂമിയുടെ ക്രയവിക്രയത്തിന് തടസ്സമില്ല- മന്ത്രി

Friday 09 December 2022 1:55 AM IST

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി കണ്ടെത്തിയ സ്വകാര്യ വ്യക്തികളുടെ ഭൂമികളിൽ യാതൊരുവിധ അവകാശവും സർക്കാരിനോ കെ- റെയിലിനോ ഇല്ലാത്തതിനാൽ അവയുടെ ക്രയവിക്രയത്തിന് യാതൊരു തടസവുമില്ലെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. ഭൂമി കൈമാറ്റം, പണയപ്പെടുത്തൽ, കരമൊടുക്കൽ എന്നിവയ്ക്ക് ആർക്കും പ്രയാസം ഉണ്ടാകില്ല. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ ക്രയവിക്രയത്തിന് നിയന്ത്രണമുണ്ടാകൂ. മറിച്ചുള്ളതെല്ലാം കുപ്രചാരണങ്ങളാണ്.

സാമൂഹ്യാഘാത പഠനം നടത്തുന്നതിനുവേണ്ടി മാത്രമാണ് ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 4 (1) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ പഠന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയും സർക്കാരും അംഗീകരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാനാകൂ. അക്കാര്യം നിയമത്തിൽ പറഞ്ഞിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകണമെങ്കിൽ റെയിൽവേ ബോർഡിന്റെയും കേന്ദ്ര സർക്കാരിന്റെയും അനുമതിവേണം.

ഭൂമി കൈമാറ്റം ഉൾപ്പെടെ നടപടികൾക്ക് യാതൊരുവിധ തടസവും പാടില്ലെന്ന് വ്യക്തമാക്കി സർക്കാർ,​ ജില്ലാ കളക്ടർമാർക്കും രജിസ്‌ട്രേഷൻ ഐ.ജിക്കും സഹകരണ രജിസ്ട്രാർക്കും നേരത്തെ കത്ത് നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. അനുമതിയില്ലെങ്കിൽ തിരക്കിട്ട് എന്തിനാണ് മഞ്ഞ കുറ്റികൾ സ്ഥാപിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി ചോദിച്ചപ്പോൾ കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യാഘാത പഠനം നടത്തിയതെന്ന് മന്ത്രി മറുപടി നൽകി.

കോഴിക്കോട്ടെ എയിംസ്, പാലക്കാട്ടെ കോച്ച് ഫാക്ടറി എന്നിവയ്ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേരത്തെ ഭൂമി ഏറ്റെടുത്തത്. പദ്ധതി വേഗത്തിൽ പൂർത്തിയാക്കുക എന്ന ഉദ്ദേശ്യമാണ് ഇക്കാര്യങ്ങളിൽ സ്വീകരിച്ചത്. കെ- റെയിൽ കോർപ്പറേഷൻ കണ്ടിജൻസി ഫണ്ടായി 20.5 കോടി രൂപ റവന്യു വകുപ്പിന് നൽകിയിട്ടുണ്ട്. ഇതിൽ 8.52 കോടി 12 ഓഫീസുകളുടെ പ്രവർത്തനത്തിന് ഉൾപ്പെടെ ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു.