ഫസ്റ്റ് ഇലവനിൽ നിന്ന് ഒഴിവാക്കി; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് വിടുമെന്ന് ഭീഷണി മുഴക്കി, പ്രതികരിച്ച് പോർചുഗൽ ഫുട്ബാൾ ഫെഡറേഷൻ

Thursday 08 December 2022 9:03 PM IST

ഖത്തർ ലോകകപ്പിൽ പോർചുഗൽ ടീമിന്റെ മുന്നേറ്റ നിരയുടെ കുന്തമുനയായി മാറും എന്ന് ആരാധകർ പ്രതീക്ഷയർപ്പിച്ചിരുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബാളിലെ അതികായൻ എന്ന വിശേഷിപ്പിക്കുന്ന താരത്തിന് ലോകകപ്പിൽ പ്രതിഭയ്‌ക്കൊത്ത് ഉയർന്ന് ടീമിനായി അധികം സംഭാവനകൾ നൽകാൻ കഴിഞ്ഞിരുന്നില്ല. ടീം ക്വാർട്ടറിൽ കടന്നെങ്കിലും താരത്തിന് തന്റെ രാജ്യത്തിനായി ഇത് വരെ ഒരു ഗോൾ മാത്രമാണ് നേടാനായത്. കൂടാതെ തന്നെ സ്വിറ്റ്സർലാൻഡിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ താരത്തെ പ്ളേയിംഗ് ഇലവനിൽ പരിഗണിക്കാതിരുന്നത് വലിയ ചർച്ചയായി മാറിയിരുന്നു.

താരത്തെ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഉൾപ്പെടുത്താത്തത് വാർത്തയായതിന് പിന്നാലെ ഇതിൽ പ്രതിഷേധിച്ച് ലോകകപ്പ് തന്നെ ഉപേക്ഷിക്കുമെന്ന് സൂപ്പർ താരം ഭീഷണി മുഴക്കിയതായി പോർചുഗൽ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ പരസ്യ പ്രതികരണം നടത്തിയിരിക്കുകയാണ് പോ‌ർചുഗൽ ഫുട്ബാൾ ഫെഡറേഷൻ.

താരം ലോകകപ്പ് മത്സരങ്ങൾ പൂർത്തിയാക്കാതെ മടങ്ങും എന്ന് ഭീഷണി മുഴക്കിയതായുള്ള വാർത്തകൾ പോർചുഗൽ ഫുട്ബാൾ ഫെഡറേഷൻ പാടേ നിഷേധിച്ചു. കൂടാതെ താരത്തിന്റെ കഴിവിലും പ്രകടനത്തിലും തൃപ്തരാണ് എന്ന തരത്തിലാണ് ഫെഡറേഷൻ പ്രതികരിച്ചത്. അതേ സമയം സ്വിറ്റ്സർലാൻഡിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫസ്റ്റ് ഇലവനിൽ നിന്ന് ഒഴിവാക്കിയത് തന്റെ തന്ത്രപരമായ നീക്കമായിരുന്നുവെന്നും താരവുമായി അതിന്റെ പേരിൽ ഒരു പ്രശ്നവുമുണ്ടായില്ലെന്നും പോർച്ചുഗീസ് കോച്ച് ഫെർണാൻഡോ സാന്റോസും പ്രതികരിച്ചിരുന്നു. താനും ക്രിസ്റ്റ്യാനോയും ചേർന്നാണ് തീരുമാനമെടുത്തതെന്നും സാഹചര്യങ്ങൾ മനസിലാക്കി ടീമിനായി കളിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോയെന്നുമായിരുന്നു സാന്റോസിന്റെ പ്രതികരണം.

Advertisement
Advertisement