സിൽവൽ ലൈൻ: മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: കെ. സുധാകരൻ
തിരുവനന്തപുരം: സിൽവൽ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവിച്ചു.
ജനങ്ങൾക്കു വേണ്ടാത്തതും പരിസ്ഥിതിക്ക് ദോഷമായതുമായ കെ-റെയിൽ അടിച്ചേൽപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യമാണ്. ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാൽ അതെല്ലാം കോൺഗ്രസ് പിഴുതെറിയും.
ബൂട്ടും ലാത്തിയും പ്രയോഗിച്ച് ജനത്തിന്റെ നടുവൊടിച്ച് പദ്ധതി നടപ്പാക്കാമെന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണം. സ്വന്തം ഭൂമി സംരക്ഷിക്കാൻ പ്രതിഷേധിച്ച സാധാരണക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കാനുള്ള മാന്യത സർക്കാർ കാട്ടണം.
മഞ്ഞക്കുറ്റി പല കുടുംബങ്ങളെയും ആത്മഹത്യയുടെ വക്കിലെത്തിച്ചു. ഭൂമി ക്രയവിക്രയം ചെയ്യാനോ നിർമ്മാണ പ്രവർത്തനം നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കില്ല. ഈ വസ്തുത മറച്ചുവച്ച് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു. 1200 ഹെക്ടർ ഭൂമിയാണ് കെ-റെയിലെന്ന ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുന്നത്. കെ-റെയിൽ വേണമെന്ന ധാർഷ്ട്യം മുഖ്യമന്ത്രി എടുക്കുന്നത് കോടികൾ കമ്മിഷൻ നേടാനാണെന്നും സുധാകരൻ പറഞ്ഞു.