വി.സിയെ പുറത്താക്കിയതിനെതിരേ ഫിഷറീസ് വാഴ്സിറ്രി അഭിഭാഷകനെ നിയോഗിക്കില്ല

Friday 09 December 2022 1:12 AM IST

തിരുവനന്തപുരം: വി.സി സ്ഥാനത്തു നിന്ന് റിജി ജോണിനെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിലെ കേസിൽ മുതിർന്ന അഭിഭാഷകനെ നിയോഗിക്കില്ലെന്ന് ഫിഷറീസ് സർവകലാശാല ഗവർണറെ അറിയിച്ചു. സർവകലാശാല ഗവേണിംഗ് കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്തതിനെത്തുടർന്ന് ഗവർണർ വിശദീകരണം തേടിയപ്പോഴാണ് അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് മറുപടി നൽകിയത്. ഉത്തരവ് റദ്ദാക്കണമെന്ന് റിജി ജോൺ സുപ്രീംകോടതിയിൽ നൽകിയ കേസിൽ അഭിഭാഷകനെ നിയോഗിക്കുന്നത് തീരുമാനിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയും താത്കാലിക വി.സിയുമായ ഡോ.എം.റോസലിൻഡ് ജോർജ് കഴിഞ്ഞ 3നാണ് അടിയന്തര ഗവേണിംഗ് കൗൺസിൽ വിളിച്ചത്.

വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി ഒരു പാനലിനു പകരം ഒറ്റപ്പേര് നൽകിയെന്ന് കണ്ടെത്തി ഹൈക്കോടതിയാണ് റിജിജോണിന്റെ നിയമനം റദ്ദാക്കിയത്. എന്നാൽ, നിയമസഭ പാസാക്കിയ നിയമവും ചട്ടവുമനുസരിച്ചാണ് വാഴ്സിറ്റി പ്രവർത്തിക്കേണ്ടതെന്ന് കോടതിയെ അറിയിക്കാനാണ് കൗൺസിൽ തീരുമാനം. സർവകലാശാലയുടെ താത്പര്യം സുപ്രീംകോടതിയിൽ ചാൻസലറുടെ അഭിഭാഷകൻ സംരക്ഷിക്കണമെന്ന് വാഴ്സിറ്റി മറുപടിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ, യു.ജി.സി ചട്ടപ്രകാരമല്ലാത്ത നിയമനം തെറ്റാണെന്നാവും ഗവർണറുടെ അഭിഭാഷകൻ വാദിക്കുക. കേസ് 13ന് കോടതി പരിഗണിക്കും.

വി.സി നിയമനത്തിൽ സർവകലാശാലയ്ക്ക് യാതൊരു പങ്കുമില്ലെന്നിരിക്കെയാണ്, പുറത്താക്കപ്പെട്ടയാൾ വ്യക്തിപരമായി നൽകിയ കേസിൽ ലക്ഷങ്ങൾ മുടക്കി അഭിഭാഷകനെ നിയോഗിക്കാൻ സർവകലാശാല നടപടി തുടങ്ങിയത്. നേരത്തേ, റിജി ജോണിനെ പുറത്താക്കിയ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി, ഭരണ സ്തംഭനമൊഴിവാക്കാൻ പകരം സംവിധാനമൊരുക്കാൻ ചാൻസലർക്ക് നിർദ്ദേശം നൽകുകയായിരുന്നു. അതനുസരിച്ചായിരുന്നു നിയമനം.

Advertisement
Advertisement