അടുത്തവർഷം ഇന്ത്യയിലേക്ക് ലങ്കയും കിവീസും ഓസീസും വരും

Thursday 08 December 2022 9:56 PM IST

തിരുവനന്തപുരത്ത് ജനുവരി 15 ന് ലങ്കയുമായി ഏകദിനം

മുംബയ് : അടുത്തവർഷം ഇന്ത്യയിലേക്ക് ശ്രീലങ്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ ടീമുകൾ പര്യടനം നടത്തുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു.

9 ഏകദിനങ്ങളും ട്വന്റി - 20 കളും 4 ടെസ്റ്റുകളുമാണ് ഹോം സീസണിൽ ഇന്ത്യ കളിക്കുന്നത്.

ശ്രീലങ്കയുമായി മൂന്നുവീതം ട്വന്റി - 20 കളും ഏകദിനങ്ങളുമാണ് ആദ്യം. ജനുവരി 3, 5, 7 തീയതികളിലായാണ് ട്വന്റി - 20 കൾ. ജനുവരി 10, 12, 15 തീയതികളിലായി ഏകദിനങ്ങൾ. ഇതിൽ 15 ലെ അവസാന ഏകദിനത്തിനാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുക.

തുടർന്ന് ജനുവരി 18, 21, 24 തീയതികളിൽ ന്യൂസിലാൻഡുമായി ഏകദിന പരമ്പര നടക്കും. ജനുവരി 27, 29, ഫെബ്രുവരി 1 തീയതികളിൽ ഇതേ എതിരാളികളുമായി ട്വന്റി - 20 കൾ നടക്കും.

ഫെബ്രുവരി 9 മുതൽ 13 വരെ നാഗ്പൂരിൽ ആസ്ട്രേലിയയുമായി ആദ്യ ടെസ്റ്റ്. 17 മുതൽ 21 വരെ ഡൽഹിയിൽ രണ്ടാം ടെസ്റ്റ്. മാർച്ച് ഒന്നുമുതൽ അഞ്ചുവരെ ധർമ്മശാലയിൽ മൂന്നാം ടെസ്റ്റും 9 മുതൽ 13 വരെ അഹമ്മദാബാദിൽ നാലാം ടെസ്റ്റും നടക്കും.

മാർച്ച് 17, 19, 22 തീയതികളിലായി മൂന്ന് ഏകദിനങ്ങളും ആസ്ട്രേലിയയുമായി കളിക്കുന്നുണ്ട്.

Advertisement
Advertisement