കേരള വി.സി സെർച്ച് കമ്മിറ്റി: പ്രതിനിധിയെ ഒരു മാസത്തിനകം സെനറ്റ് നിർദ്ദേശിക്കണം

Friday 09 December 2022 12:14 AM IST

കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ ഒരു മാസത്തിനകം സെനറ്റ് നാമനിർദേശം ചെയ്യണമെന്ന് ഹൈക്കോടതി. ഈ കാലയളവിൽ നടപടിയുണ്ടായില്ലെങ്കിൽ ചാൻസലർ കൂടിയായ ഗവർണർക്ക് തീരുമാനമെടുക്കാം. യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകളുള്ള വ്യക്തിയെ വി.സിയാക്കി സർവകലാശാലയുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

പ്രതിനിധിയെ സെനറ്റ് നാമനിർദേശം ചെയ്താൽ സെർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഗവർണർ പുതിയ വിജ്ഞാപനമിറക്കണം. തുടർന്ന് എത്രയും വേഗം വി.സി നിയമന നടപടി പൂർത്തിയാക്കണം. പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ സെനറ്റിന് കോടതിയെ സമീപിക്കാം. സർവകലാശാലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന അനിശ്ചിതത്വത്തിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ടാകണമെന്നും ചൂണ്ടിക്കാട്ടി.വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിർദേശിക്കുന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം എസ്. ജയറാം നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
യു.ജി.സി, ചാൻസലർ, സെനറ്റ് എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മാത്രമേ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് രൂപം നൽകാനാകൂ. സെനറ്റ് പ്രതിനിധിയില്ലാതെ രണ്ടംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനം താത്കാലികമാണെന്നും നടപടിയിൽ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ പ്രതിനിധിയെ നാമനിർദേശം ചെയ്യില്ലെന്ന നിലപാടാണ് സെനറ്റ് സ്വീകരിച്ചത്. ഇത് പ്രശ്‌നം സങ്കീർണമാക്കി. സെനറ്റ് ഒരു പ്രതിനിധിയെ നാമനിർദേശം ചെയ്താൽ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനും പ്രശ്‌നം പരിഹരിക്കാനും കഴിയുമെന്നിരിക്കെ ,നടപടികൾ അനിശ്ചിതമായി നീളുന്നതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Advertisement
Advertisement