ഫിൻലൻഡ് സഹകരണത്തോടെ ടാലന്റ് - ഇന്നവേഷൻ കൊറിഡോർ

Thursday 08 December 2022 11:34 PM IST

തിരുവനന്തപുരം: ഫിൻലൻഡ് സഹകരണത്തോടെ ടാലന്റ് കൊറിഡോറും ഇന്നവേഷൻ കൊറിഡോറും വികസിപ്പിക്കുന്നതിന് ഫിൻലൻഡ് അംബാസിഡർ റിത്വ കൗക്കു റോണ്ടെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണ. മാർഗരേഖ അക്കാഡമിക് വിദഗ്ദ്ധർ ചേർന്ന് തയ്യാറാക്കും. ശൈശവകാല വിദ്യാഭ്യാസവും പരിചരണവും, ശാസ്ത്രം, ഗണിതം, ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം, മൂല്യനിർണ്ണയം, അദ്ധ്യാപക വിദ്യാഭ്യാസം തുടങ്ങി ആറു മേഖലകളിൽ നേരത്തെ സഹകരണം ഉറപ്പാക്കിയിരുന്നു. ഇതിനായുള്ള ആക്‌ഷൻ പ്ലാൻ ജനുവരിയോടെ വികസിപ്പിക്കും.

വയോധികർക്കായുള്ള ഫിൻലൻഡിന്റെ പദ്ധതികളും നയങ്ങളും പഠിക്കാൻ വീഡിയോ കോൺഫറൻസിംഗിലൂടെ ആദ്യഘട്ട ചർച്ചകൾ ആരംഭിക്കും. കൊച്ചിയിൽ സുസ്ഥിര മാരിടൈം ഹബ് ആൻഡ് ക്ലസ്റ്റർ സ്ഥാപിക്കാനുള്ള നീക്കത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി നിക്ഷേപത്തിനായി കമ്പനികളെ സ്വാഗതം ചെയ്യുന്നതിനൊപ്പം എംബസി മുൻകൈയെടുക്കണമെന്നും അംബാസഡറോട് അഭ്യർത്ഥിച്ചു.

വിദ്യാഭ്യാസ സംവിധാനങ്ങൾ സന്ദർശിച്ച ഫിൻലൻഡ് സംഘം മന്ത്രി വി.ശിവൻകുട്ടി, പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ., സമഗ്ര ശിക്ഷ കേരളം, കൈറ്റ്, എസ്.സി.ഇ.ആർ.ടി, സീമാറ്റ് ഡയറക്ടർമാർ എന്നിവരുമായി ആശയവിനിമയം നടത്തി.

Advertisement
Advertisement