വിദേശ മദ്യത്തിന് വിലവർദ്ധന 20 രൂപ വരെ: ബാലഗോപാൽ വർദ്ധനയ്ക്കുള്ള ബിൽ സഭ പാസാക്കി

Thursday 08 December 2022 11:40 PM IST

തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില്പനനികുതി നാലു ശതമാനം വർദ്ധിപ്പിക്കുന്നതുമൂലം മദ്യവിലയിൽ 20 രൂപ വരെ വർദ്ധന ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കൂടുതൽ ബ്രാന്റുകൾക്കും 10 രൂപയാവും കൂടുക. ചുരുക്കം ഇനങ്ങൾക്ക് 20 ഉം. തീരെ കുറഞ്ഞ ബ്രാന്റുകളുടെ വില കൂടില്ലെന്നും അദ്ദേഹം പറഞ്ഞു. 2022-ലെ കേരള പൊതുവില്പന നികുതി (ഭേദഗതി) ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിൽ സഭ പാസാക്കി.

നികുതി വർദ്ധന വഴി കേരളത്തിൽ മദ്യം നിർമ്മിക്കുന്ന കമ്പനികൾക്ക് 170 കോടിയുടെ ലാഭമാണ് സർക്കാർ ഉണ്ടാക്കിക്കൊടുക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പാവപ്പെട്ട ഉപഭോക്താക്കളുടെ ചുമലിലാണ് ഇതിന്റെ ഭാരം കയറ്റി വയ്ക്കുന്നത്.വില്പന നികുതി നാല് ശതമാനം കൂട്ടിയെങ്കിലും ഫലത്തിൽ രണ്ടു ശതമാനത്തിന്റെ വർദ്ധനവാകും അനുഭവപ്പെടുകയെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. സ്പിരിറ്റിന്റെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ കമ്പനികൾ മദ്യ ഉത്പാദനം നിറുത്തുന്ന അവസ്ഥയെത്തി. മദ്യത്തിന് ക്ഷാമം നേരിട്ട ചുരുക്കം ദിവസങ്ങളിൽ 80 കോടിയുടെ വരുമാന നഷ്ടമാണ് സർക്കാരിനുണ്ടായത്. മദ്യം ലഭ്യമല്ലാതെ വന്നാൽ വ്യാജമദ്യവും വാറ്രും വ്യാപിക്കും. കമ്പനികളുടെ നഷ്ടം പരിഹരിക്കാനാണ് അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയത്. പെട്രോളിൽ ഈഥൈൽ ചേർക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിബന്ധന വന്നതോടെയാണ് സ്പിരിറ്റ് വില കുത്തനെ കൂടിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മദ്യവില കൂട്ടിയിട്ടുമില്ല. ഇവിടെ ഉത്പാദിപ്പിച്ച് പുറത്തേക്ക് അയയ്ക്കുന്ന മദ്യത്തിന് എക്സ്പോർട്ട് ടാക്സ് ഈടാക്കുന്നുണ്ട്. ഇതേക്കുറിച്ച് ബഡ്ജറ്റ് തയ്യാറാക്കുന്ന അവസരത്തിൽ വിശദമായി പരിശോധിക്കുമെന്നും ബാലഗോപാൽ പറഞ്ഞു.

മദ്യവർജ്ജനം നയമായി പറയുന്ന പിണറായി സർക്കാർ ഇപ്പോൾ അധികാരത്തിലെത്തിയ ശേഷം 23 ബാറുകൾക്കാണ് അനുമതി നൽകിയതെന്ന് ചർച്ചയിൽ പങ്കെടുത്ത പി.സി.വിഷ്ണുനാഥ് പറഞ്ഞു.

ഇപ്പോഴത്തെ വിലവർദ്ധനയിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്. മദ്യപാന ശീലം നല്ലതല്ലെങ്കിലും നിയമവിധേയമായ സ്ഥിതിക്ക് അത് ഉപയോഗിക്കുന്നവരുടെ മേൽ വലിയ ഭാരമാണ് സർക്കാർ ഏൽപ്പിക്കുന്നത്. പാവപ്പെട്ടവരുടെ കുടംബവരുമാനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വിഷ്ണുനാഥ് വിശദമാക്കി. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തെക്കാൾ ഇടത് ഭരണകാലത്ത് മദ്യ ഉപഭോഗം കുറഞ്ഞുവെന്ന് കണക്കുകൾ ഉദ്ധരിച്ച് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കൊവിഡ് കാലത്ത് ബാറുകളും മദ്യവില്പന ശാലകളും അടഞ്ഞു കിടന്നതാണ് അതിനു കാരണമെന്ന് വിഷ്ണുനാഥും തിരിച്ചടിച്ചു. എന്തിന്റെ പേരിലായാലും മദ്യവില കൂട്ടുന്നത് ന്യായീകരിക്കാനാവില്ലെന്നും സാധാരണക്കാരനെ അത് പ്രതികൂലമായി ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അഭിപ്രായപ്പെട്ടു.

Advertisement
Advertisement