ഹണി​ എം. വർഗീസി​ന്റെ ശരി​യായ ഉദ്‌ബോധനം

Friday 09 December 2022 12:57 AM IST

കഴി​ഞ്ഞ ദി​വസം ഒരു ശി​ല്പശാലയി​ൽ പങ്കെടുത്ത എറണാകുളം പ്രി​ൻസി​പ്പൽ ജി​ല്ലാ ജഡ്‌ജി​ ഹണി​ എം. വർഗീസ് പറഞ്ഞത്, പൊലീസ് കൊണ്ടുവരുന്ന കേസുകളി​ൽ ശി​ക്ഷ വാങ്ങി​ക്കൊടുക്കലല്ല പ്രോസി​ക്യൂട്ടറുടെ ചുമതലയെന്നാണ്. പ്രോസി​ക്യൂട്ടറുടെ ഉത്തരവാദി​ത്വം സമൂഹത്തോടാണെന്നും അവർ വ്യക്തമാക്കി​. (കേരളകൗമുദി ഡിസംബർ രണ്ട് ) ഹണി എം. വർഗീസിന്റെ അഭിപ്രായത്തിന്റെ അന്തഃസത്ത പൂർണമായി ഉൾക്കൊണ്ട് പറയട്ടെ - ഈ വിഷയത്തിൽ പ്രോസിക്യൂട്ടർക്കു പരിമിതികൾക്കുള്ളിൽ നിന്നുമാത്രമേ കേസ് വാദിക്കാൻ കഴിയുകയുള്ളൂ. പ്രോസിക്യൂട്ടറേക്കാൾ ഉത്തരവാദിത്വം ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്കാണ്. വ്യക്തിശത്രുതയ്‌ക്ക് ഇടം നൽകാതെയും, പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെയും തികച്ചും നിഷ്‌പക്ഷവും നീതിബോധത്തോടു കൂടിയതുമായ അന്വേഷണമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. കീഴ്‌‌ക്കോടതികൾ മിക്ക കേസുകളിലും ജാമ്യം നിഷേധിക്കുന്നത് ഹൈക്കോടതികളുടെ ജോലിഭാരം വർദ്ധിക്കാൻ കാരണമാകുന്നത് ഈയടുത്ത ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചിരുന്നു. 'ജാമ്യമാണ് ചട്ടം, തടവറ അപവാദവും' എന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ 1977-ൽ പുറപ്പെടുവിച്ച ഒരു വിധിന്യായത്തിൽ പറഞ്ഞത് കാലികപ്രസക്തിയുള്ള കാര്യമാണ്.

ഹണി എം. വർഗീസ് പറയാത്ത ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. കോടതികളുടെ സ്വതന്ത്രവും നിഷ്‌പക്ഷവുമായ പ്രവർത്തനത്തിന് അവസരമുണ്ടാക്കേണ്ടത്, അഭിഭാഷകരുൾപ്പെടെ എല്ലാവരുടേയും ചുമതലയാണ്. കോടതിയലക്ഷ്യം ക്ഷണിച്ചുവരുത്തുന്ന പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.

പി.ജി. മൂർത്തി

തിരുവനന്തപുരം