പുറ്റിങ്ങൽ വെടിക്കെട്ട് അപകടം: കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റാൻ പ്രോസിക്യൂഷൻ ഹർജി

Friday 09 December 2022 1:11 AM IST

പരവൂർ: പുറ്റിങ്ങൽ വെടിക്കെട്ട് അപകട കേസ് പരവൂർ താത്കാലിക മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കൊല്ലം സെഷൻസ് കോടതിയിലേക്ക് മാറ്റാൻ പ്രോസിക്യൂഷൻ ഹർജി. 2022 ജൂലായ് 29ന് ഹൈക്കോടതി വിധി പ്രകാരം പ്രതികൾക്ക് നൽകേണ്ട ബാഹുല്യമുള്ള രേഖകൾ ഏതാണെന്ന് നിർണയിച്ച് തീരുമാനമെടുക്കാൻ പറഞ്ഞ സാഹചര്യത്തിലാണ് കേസ് കൊല്ലം സെഷൻസ് കോടതിയിലേക്ക് മാറ്റാൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പരിപ്പള്ളി ആർ.രവീന്ദ്രൻ ഹർജി നൽകിയത്.
ടെംപററി കോടതിയുടെ ചാർജുള്ള പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് രാധിക.എസ്.നായർ ഈ മാസം 24ന് കേസ് പരിഗണിക്കും

ബാഹുല്യമുള്ള രേഖകൾ സംബന്ധിച്ച് കോടതി നിർദേശ പ്രകാരം പ്രോസിക്യൂഷൻ സെപ്തംബർ മാസത്തിൽ തന്നെ വിശദീകരണ പത്രിക നൽകിയിരുന്നു. പ്രതികൾക്ക് സൗജന്യമായി നൽകേണ്ട എഫ്.ഐ.ആർ, സാക്ഷി മൊഴികൾ ഉൾപ്പെടെയുള്ള 20,09,144 പേജുകൾ നേരത്തെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിരുന്നു.
ബാഹുല്യമുള്ള ബാക്കി രേഖകൾ പ്രതികളോ അവരുടെ അഭിഭാഷകരോ കോടതിയിൽ പോയി പരിശോധിക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഈ വാദം ജസ്റ്റിസ് സിയാദ്റഹ്മാൻ അംഗീകരിക്കുകയായിരുന്നു. വിചാരണക്കുവേണ്ടിയുള്ള സ്പെഷൽ കോടതിയുടെ ആസ്ഥാനം കൊല്ലം കോടതിയുടെ അധീനതയിലുള്ള ടി.എം.വർഗീസ് ഹാളിന്റെ പഴയ കെട്ടിടങ്ങളിൽ നൽകാൻ കോർപ്പറേഷൻ ജില്ലാ ജഡ്ജിയെ അറിയിച്ചതിൻ പ്രകാരം ഹൈക്കോടതി നിർദേശ പ്രകാരം സ്ഥലമേറ്റെടുത്ത് സ്പെഷൽ കോടതി ആരംഭിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. സ്പെഷ്യൽ കോടതിക്കുവേണ്ടി ജില്ലാ ജഡ്ജി അടക്കം പത്ത് തസ്തികകൾ നേരത്തെ അനുവദിച്ചിരുന്നു.

Advertisement
Advertisement