അവയവ കൈമാറ്റം : മൃതസഞ്ജീവനി കാത്ത് മൂവായിരത്തിലേറെപ്പേർ

Friday 09 December 2022 1:58 AM IST

#അവയവ കച്ചവടം സജീവം
കണ്ണൂർ: സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന മരണാനന്തര അവയവ കൈമാറ്റ പദ്ധതിയായ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 3115 പേർ. 2014 മുതൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുമുണ്ട്.

2012 ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 996 പേർക്കാണ് അവയവം മാറ്റിവച്ചത്. 2016ന് ശേഷം അവയവദാനത്തിന് വേഗത കുറഞ്ഞെന്നാണ് ആക്ഷേപം. ഈ വർഷം 50 പേർക്കാണ് മൃതസഞ്ജീവനി വഴി അവയവം മാറ്റിവച്ചത്.രജിസ്റ്റർ ചെയ്തവരിൽ പലരും അപേക്ഷ പരിഗണിക്കപ്പെടാതെ മരണത്തിന് കീഴടങ്ങി.
സംസ്ഥാനത്ത് അവയവ കച്ചവടവും സജീവമാകുന്നതായാണ് വിവരം. വൃക്കയാണ് ഏറ്റവും കൂടുതൽ കച്ചവടം ചെയ്യപ്പെടുന്നത്.ഏ‌ജന്റുമാ‌ർ മുഖേന വൻ തുകയ്ക്ക് രോഗികൾക്ക് വേണ്ടി അവയവങ്ങൾ വാങ്ങി ചതിക്കപ്പെടുന്നവർ നിരവധിയാണ്.ഹൃദയം ,ശ്വാസകോശം എന്നിവയ്ക്ക് 50 ലക്ഷം , കരൾ 60 ലക്ഷം, പാൻക്രിയാസ് 20 ലക്ഷം ചെറുകുടൽ 20 ലക്ഷം എന്നിങ്ങനെയാണ് ഏജന്റുമാർ മുഖേനയുള്ള വില.

പ്രവർത്തനം നിലച്ച്

കെ- സോട്ടോ

മൃതസഞ്ജീവനിയെ കേന്ദ്ര പദ്ധതിയായ സോട്ടോയിൽ ലയിപ്പിച്ച് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷനിൽ (കെ-സോട്ടോ) രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പദ്ധതി ഇതുവരെ കാര്യക്ഷമമായിട്ടില്ല. മൃതസഞ്ജീവനിയിലൂടെ മസ്തിഷ്‌ക മരണാനന്തര അവയവദാനമാണ് നടത്തിയിരുന്നത്. ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അവയവമാറ്റവും സോട്ടോയിൽ സാദ്ധ്യമാകും. അവയവം ദാനം ചെയ്യുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും പൂർണവിവരങ്ങൾ രജിസ്റ്ററിൽ ലഭ്യമാകും. കണ്ണ്, ത്വക്ക്, ഹൃദയം തുടങ്ങി ഓരോന്നിനും പ്രത്യേക ബാങ്കുകളുണ്ടാകും. എല്ലാ അവയവമാറ്റ കേന്ദ്രങ്ങളും ഈ രജിസ്റ്ററിൽ ലിങ്ക് ചെയ്തിട്ടുണ്ട്. അതിനാൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരീക്ഷണവുമുണ്ടാവും..


സോട്ടോയിൽ

രജിസ്റ്റർ ചെയ്തവർ

കിഡ്നി - 2246

കരൾ -755

ഹൃദയം- 63

ഒന്നിൽ കൂടുതൽ അവയവങ്ങൾക്ക്-51

വൻ കിട ആശുപത്രികളും അവയവ മാഫിയകളും അവയവ കച്ചവടത്തിലൂടെ വൻ തുക തട്ടുന്നുണ്ട്. ഇതൊഴിവാക്കാൻ കേന്ദ്ര സർക്കാരും കോടതിയും മുൻകൈയ്യെടുക്കണം.
-പി.പി.കൃഷ്ണൻ,

ചെയർമാൻ ,കിഡ്നി

കെയർ കേരള

Advertisement
Advertisement