എസ്.എഫ്.ഐയുടെ അക്രമങ്ങളിൽ പ്രതിഷേധിക്കുക: സി.പി.ഐ
കൊല്ലം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പല കാമ്പസുകളിലും എസ്.എഫ്.ഐ നടത്തിയ അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം വളർന്നുവരണമെന്ന് സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു.
സാമൂഹ്യവിരുദ്ധരെയും ഗുണ്ടകളെയും ഉപയോഗിച്ചാണ് കൊല്ലം എസ്.എൻ കോളേജിൽ എസ്.എഫ്.ഐയുടെ നരനായാട്ട്. കൊല്ലം എസ്.എൻ കോളേജ് എസ്.എഫ്.ഐ ആയുധപ്പുരയായി മാറ്റിയിരിക്കുകയാണ്. കാമ്പസിൽ സ്ഥാപിച്ചിരുന്ന എ.ഐ.എസ്.എഫിന്റെ ബോർഡുകൾ തകർക്കുന്നതിന് സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്. എസ്.എഫ്.ഐ അല്ലാതെ മറ്റൊരു സംഘടനയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കില്ല.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച പെൺകുട്ടികൾ ഉൾപ്പെടെയുള്ള എ.ഐ.എസ്.എഫ് പ്രവർത്തകരെയും അവരുടെ രക്ഷകർത്താകളെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്ന നിലപാടാണ് എസ്.എഫ്.ഐ സ്വീകരിച്ചത്. രാത്രി കാലങ്ങളിൽ പോലും ക്യാമ്പസ് മുറികളിൽ ആയുധങ്ങളുമായി ക്യാമ്പ് ചെയ്യുന്ന സാമൂഹ്യവിരുദ്ധ സംഘത്തിന് ഒരു വിഭാഗം അദ്ധ്യാപകർ ഒത്താശ ചെയ്തു കൊടുക്കുകയാണ്. പൊലീസ് സാന്നിദ്ധ്യത്തിൽ ആക്രമണം നടത്തിയ പുറത്തുനിന്നുള്ള ഗുണ്ടകളെ നേരിടുന്നതിൽ പൊലീസ് കാട്ടിയ നിഷ്‌ക്രിയത്വം പാർട്ടി ഗൗരവമായി കാണുന്നു. ലഹരി മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. എസ്.എഫ്.ഐ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ യാദൃച്ഛിക സംഭവങ്ങളായി കാണുന്നില്ല. കാമ്പസുകളിൽ ഏക വിദ്യാർത്ഥി സംഘടനയെന്ന എസ്.എഫ്.ഐ നിലപാട് സ്ഥാപിച്ചെടുക്കാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ കൃത്യമായ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്ന് പാർട്ടി മനസിലാക്കുന്നു. സി.പി.ഐ ഇതിനെ ശക്തിയായി പ്രതിരോധിക്കും.
സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. ആർ.വിജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന എക്സി. അംഗങ്ങളായ കെ.ആർ.ചന്ദ്രമോഹനൻ, അഡ്വ. ആർ.രാജേന്ദ്രൻ, മുല്ലക്കര രത്നാകരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.