ശിവഗിരി തീർത്ഥാടനം: അന്തർദേശീയ കബഡി മത്സരം 10, 11, 12, തീയതികളിൽ

Friday 09 December 2022 2:06 AM IST

ശിവഗിരി : 90-മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പ്രമുഖ ദേശീയ-അന്തർദേശീയ ടീമുകളെ പങ്കെടുപ്പിച്ചുള്ള കബഡി മത്സരങ്ങൾ പ്രത്യേകം സജ്ജീകരിച്ച ഫ്ളഡ് ലൈറ്റ് സംവിധാനങ്ങളോടെ ശിവഗിരി ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

ഡിസംബർ 10, 11, 12 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. ശ്രീലങ്കൻ പൊലീസ് ടീം, ദുരൈ സിംഗം തമിഴ്നാട് , ഐ.സി.എഫ് റെയിൽവേ, എസ്.എൻ ശിവഗിരി , ഒളിമ്പിയ കേരള എന്നീ ടീമുകൾ ലീഗ് കം നോക്ക്-ഔട്ട് അടിസ്ഥാനത്തിൽ മത്സരിക്കും. വനിതകളുടെ ആലപ്പുഴ-എറണാകുളം, കൊല്ലം-തിരുവനന്തപുരം എന്നീ ടീമുകളുടെ മത്സരങ്ങളും നടക്കും.മത്സരങ്ങളുടെ ഉദ്ഘാടനം ഇന്റർനാഷണൽ കബഡി ഫെഡറേഷൻ വൈസ് പ്രസിഡന്റും ശ്രീലങ്കൻ കബഡി ഫെഡറേഷൻ പ്രസിഡന്റുമായ അനുര പതിരാന 10ന് വൈകുന്നേരം 5.30ന് നിർവഹിക്കും .

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വാഗതം ആശംസിക്കും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി ബോധിതീർത്ഥ നന്ദി പറയും.

കേരള കബഡി അസോസിയേഷൻ പ്രസിഡന്റ് വിജയൻ, കബഡി മുൻ ഇന്ത്യൻ കോച്ചും താരവുമായി ഉദയകുമാർ പാരിപ്പള്ളി, ജില്ലാ കബഡി അസോസിയേഷൻ സെക്രട്ടറി വിജയൻ കണ്ണമ്പ, കബഡി ഓർഗനൈസിംഗ് സെക്രട്ടറിയും പോസ്റ്റൽ കബഡി കോച്ചുമായ ഡി. സുനിൽകുമാർ, മീഡിയ കമ്മിറ്റി ചെയർമാൻ ഡോ. എം. ജയരാജു, ശിവഗിരി മഠം പി.ആർ.ഒ. ഇ. എം. സോമനാഥൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ഫോട്ടോ- ശിവഗിരിയിലെത്തിയ ഇന്റർനാഷണൽ കബഡി ഫെഡറേഷൻ വൈസ് പ്രസിഡന്റും ശ്രീലങ്കൻ കബഡി ഫെഡറേഷൻ പ്രസിഡന്റുമായ അനുര പതിരാനയെ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആദരിക്കുന്നു. കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവർ സമീപം.