ഇലന്തൂർ ഇരട്ടനരബലി; ഇരകളിലൊരാളുടെ മകളുടെ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തി, റോസ്‌ലിയുടെ മൃതദേഹം വിട്ടുകിട്ടിയത് മൂന്ന് ദിവസം മുമ്പ്

Friday 09 December 2022 1:00 PM IST

പാലക്കാട്: ഇലന്തൂർ ഇരട്ടനരബലിക്കിരയായ റോസ്‌ലിയുടെ മരുമകനെ മരിച്ചനിലയിൽ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടിൽ ബിജു (44) വാണ് മരിച്ചത്. റോസ്‌ലിയുടെ മകൾ മഞ്ജുവിന്റെ ഭർത്താവാണ് ബിജു. വടക്കാഞ്ചേരിയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ബിജു വീട്ടിൽ തനിച്ചായിരുന്നു താമസം. മഞ്ജു എറണാകുളത്തെ വീട്ടിൽപോയിരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ട്രസ് വർക്ക് തൊഴിലാളിയായ ബിജുവും കുടുംബവും കുറച്ചുകാലം മുമ്പാണ് വടക്കാ‌ഞ്ചേരിയിലെത്തിയത്. മെഡിക്കൽ കോളജിലേക്ക് മാറ്റിയ ബിജുവിന്റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന റോസ്‌ലിയുടെ മൃതദേഹം മൂന്ന് ദിവസം മുമ്പായിരുന്നു അധികൃതർ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. മക്കളായ മഞ്ജുവും സഞ്ജുവുമാണ് ഏറ്റുവാങ്ങിയത്. മൃതദേഹംവാടകവീട്ടിൽ എത്തിച്ചിരുന്നു. ഇതിനുശേഷമാണ് സംസ്‌കരിച്ചത്.