ലഹരിവിരുദ്ധ സമിതി പരിശോധന ആരംഭിച്ചു
Saturday 10 December 2022 12:20 AM IST
ചിറ്റൂർ: ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിന് രൂപീകരിച്ച സമിതി പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിൽ പരിശോധന ആരംഭിച്ചു. ജനപ്രതിനിധികൾ, മീനാക്ഷിപുരം പൊലീസ്, സ്കൂൾ അധികൃതർ എന്നിവർ സംയുക്തമായാണ് നടപടി. വണ്ടിത്താവളം ടൗൺ, സ്റ്റാൻഡ് പരിസരം, പഴയ ചന്തേപേട്ട, പച്ചക്കറി ചന്ത തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
സംശയാസ്പദമായ നിലയിൽ കാണപ്പെടുന്ന വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും പരിശോധന നടത്തി. വാഹനങ്ങളിൽ എത്തിയ വിദ്യാർത്ഥികളിൽ പലരും ടൗണിൽ പാർക്ക് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവരെ സ്കൂളിനകത്തേക്ക് കടത്തി വിട്ടു. സ്കൂൾ പ്രവേശന സമയം കഴിഞ്ഞെത്തിയ പത്തോളം വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞുനിറുത്തി ബാഗ് പരിശോധിച്ചു. വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ വിൽക്കാനായി എത്തുന്നവരെ പിടികൂടാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.