കാൻസർ സെന്റർ: പ്രതിപക്ഷ നേതാവിന് കൃഷ്ണയ്യർ മൂവ്മെന്റിന്റെ നിവേദനം

Saturday 10 December 2022 1:18 AM IST

കൊച്ചി: മദ്ധ്യ കേരളത്തിലെ പാവപ്പെട്ട കാൻസർ രോഗികളുടെ ആശ്രയമായ കൊച്ചി കാൻസർ സെന്ററിലെ റേഡിയേഷൻ ചികിത്സ സ്വകാര്യ ആശുപത്രികളിൽ നടത്താനുള്ള നടപടി അവസാനിപ്പിക്കാൻ പ്രതിപക്ഷ നേതാവ് ഇടപെടണമെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ആവശ്യപ്പെട്ടു. കാൻസർ സെന്ററിന്റെ കെട്ടിട നിർമ്മാണം പൂർത്തിയാക്കാനും ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകിയ കത്തിൽ മൂവ്മെന്റ് ആവശ്യപ്പെട്ടു.

സാധാരണക്കാരായ രോഗിൾക്ക് സൗജന്യമായി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായാണ് കാൻസർ സെന്റർ ആരംഭിച്ചത്. 2014 ൽ തറക്കല്ലിട്ട് കളമശേരി മെഡിക്കൽ കോളജ് വളപ്പിൽ ആരംഭിച്ച കാൻസർ സെന്ററിന്റെ കെട്ടിടനിർമ്മാണം പൂർത്തിയായിട്ടില്ല. പരിമിതമായ ചികിത്സാ സൗകര്യങ്ങൾ മാത്രമാണ് ലഭിക്കുന്നത്.
കെട്ടിട നിർമ്മാണം എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതിന് പകരം പാവപ്പെട്ട രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിനായി കാൻസർ സെന്റർ അധികൃതർ സ്വകാര്യ ആശുപത്രിയുമായി ധാരണാപത്രം ഒപ്പിട്ടു. രണ്ട് സ്വകാര്യ ആശുപത്രികളുമായി ചർച്ച നടക്കുകയാണ്. ആരോഗ്യമന്ത്രിയുടെ അറിവോടെയാണ് തീരുമാനമെന്ന് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നു.
കാൻസർ സെന്ററിൽ റേഡിയേഷൻ ചികിത്സയ്ക്ക് സൗകര്യം ഇല്ലാത്തതിനാൽ വർഷങ്ങളായി രോഗികളെ എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ് അയയ്ക്കുന്നത്. അവിടെ ആധുനിക ലീനിയർ ആക്സിലേറ്റർ സൗകര്യവുമുണ്ട്.
റേഡിയേഷൻ ചികിത്സയുടെ പേരിൽ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയയ്ക്കുന്നത് അപലപനീയമാണ്. സ്വകാര്യ ആശുപത്രികളുടെ ലക്ഷ്യം രോഗികളുടെ കാരുണ്യ ഫണ്ടാണ്. ജനറൽ ആശുപത്രിയിൽ സൗജന്യമായി റേഡിയേഷൻ ചികിത്സ ലഭിക്കുന്നതിനാൽ കാരുണ്യ ഫണ്ട് തുടർചികിത്സ അനിവാര്യമായ കാൻസർ രോഗികൾക്ക് ഉപയോഗപ്പെടും. ഫണ്ട് സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ചെലവഴിച്ചാൽ രോഗികൾ പിന്നീട് ദുരിതത്തിലാകും.
സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയയ്ക്കുന്ന സർക്കാർ തീരുമാനം അവസാനിപ്പിക്കുന്നതിന് പ്രതിപക്ഷ നേതാവ് അടിയന്തരമായി ഇടപെടണം. കാൻസർ സെന്ററിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കി പൂർണസജ്ജമാക്കുന്നതിന് ഇടപെടലുണ്ടാകണമെന്ന് മൂവ്മെന്റ് ഭാരവാഹി ഡോ.എൻ.കെ. സനിൽകുമാർ നൽകിയ കത്തിൽ അഭ്യർത്ഥിച്ചു.

Advertisement
Advertisement