വാറ്റ് കുടിശിക: ജി.എസ്.ടി നിയമം തടസമല്ലെന്ന് ഹൈക്കോടതി

Saturday 10 December 2022 3:50 AM IST

കൊച്ചി: ജി.എസ്.ടി നിലവിൽവന്നെങ്കിലും വാറ്റ് നിയമപ്രകാരമുള്ള മുൻകാലങ്ങളിലെ നികുതികുടിശിക പിരിച്ചെടുക്കാൻ സർക്കാരിന് തടസമില്ലെന്ന് ഹൈക്കോടതി. സർക്കാരിന് ഇതിന് കഴിയുമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ വിവിധ വ്യാപാരസ്ഥാപനങ്ങൾ നൽകിയ അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് എസ്.വി.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ വിധി.

2017ലാണ് ജി.എസ്.ടി നിലവിൽവന്നത്. തുടർന്ന് സംസ്ഥാനങ്ങളിലെ നിയമം ഇതുമായി ഒത്തുപോകുന്നില്ലെങ്കിൽ വ്യക്തതവരുത്തി നടപടിയെടുക്കാൻ ഒരുവർഷത്തെ സമയവും അനുവദിച്ചിരുന്നു. ഇതിനുശേഷവും സർക്കാർ വാറ്റ് നിയമപ്രകാരമുള്ള നികുതികുടിശികയ്ക്ക് നോട്ടീസ് നൽകുന്നത് നിയമപരമല്ലെന്നായിരുന്നു വ്യാപാരികളുടെ വാദം.

നേരത്തെ ഹർജിയിലും ഇതേ വാദംതന്നെയാണ് ഉന്നയിച്ചിരുന്നത്. എന്നാൽ സർക്കാരിന് ഈ ബാദ്ധ്യത ഈടാക്കാനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻബെഞ്ച് അപ്പീലുകൾ തള്ളുകയായിരുന്നു. ജി.എസ്.ടി നിലവിൽ വന്നശേഷം വാറ്റ് പ്രകാരമുള്ള നികുതികുടിശിക ഈടാക്കാൻ സർക്കാർ നോട്ടീസ് നൽകിയതിനെതിരെയാണ് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചത്.