നഗര ജീവിതം നരകം: ദുരിതക്കയത്തിൽ പട്ടികവർഗ വി​ദ്യാർത്ഥി​കൾ

Saturday 10 December 2022 12:52 AM IST

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോളേജ് വിദ്യാഭ്യാസത്തിന് എറണാകുളം നഗരത്തിൽ എത്തിയ പട്ടികവർഗ വിദ്യാർത്ഥികൾ ദുരിതത്തിൽ.

മതിയായ താമസസൗകര്യത്തിന്റെ അപര്യാപ്തതയും സാമ്പത്തിക പ്രശ്നങ്ങളും ഭാഷാ പ്രശ്നങ്ങളും പിന്തുണയില്ലായ്മയും പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനവും മൂലം പലരും പഠനം ഉപേക്ഷിച്ച് പോകുന്ന സ്ഥിതിയിലാണ്. നിലനിൽപ്പിനായി സമരരംഗത്തിറങ്ങുകയാണ് വിദ്യാർത്ഥികളുടെ കൂട്ടായ്മ.

പ്രതിസന്ധികൾക്ക്

അറുതിയില്ല

കുറച്ചു വർഷങ്ങളായി വർഷം ശരാശരി 50 പട്ടിക വർഗ കുട്ടികളാണ് വിവിധ കോളേജുകളിൽ അഡ്മിഷൻ നേടുന്നത്. നിലവിൽ125 ഓളം കുട്ടികൾ നഗരത്തിലുണ്ട്. ഇവരിൽ 40 പെൺകുട്ടികൾക്കായി കഴിഞ്ഞ വർഷം പട്ടികവർഗ വികസന വകുപ്പ് ഫോർ ഷോർ റോഡിൽ പോസ്റ്റ്മെട്രിക് ഹോസ്റ്റൽ തുടങ്ങിയത് വലിയ സഹായമായെങ്കിലും പ്രതിസന്ധികൾ തുടരുകയാണ്. ഇതിൽ പ്രധാനം ആലുവയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ ഇടപെടലുകളാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഓഫീസറുടെ സിൽബന്ധികളായ നാല് താത്കാലിക ജീവനക്കാരാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും അനാവശ്യമായ നിയന്ത്രങ്ങളും മറ്റും മൂലം കുട്ടികൾ വലയുകകയാണെന്നുമാണ് പരാതി.

ഹോസ്റ്റലുകളില്ലാതെ

ആൺകുട്ടികൾ

ആൺ​കുട്ടി​കളുടെ താമസപ്രശ്നമാണ് ഗുരുതരം. പട്ടി​കജാതി​ വകുപ്പി​ന് കീഴി​ലെ പോസ്റ്റ്മെട്രി​ക് ഹോസ്റ്റലുളി​ൽ പട്ടി​ക വർഗക്കാർക്ക് പത്ത് ശതമാനം സംവരണമുണ്ടെങ്കി​ലും ഈ സീറ്റുകൾ ലക്ഷദ്വീപി​ൽ നി​ന്നുൾപ്പടെയുള്ളവരുടെ പക്കലാണ്.

ആദിശക്തി സമ്മർ സ്കൂൾ എന്ന ആദി​വാസി​ സംഘടനകളുടെ കൂട്ടായ്മ ഒരുക്കുന്ന പേയിംഗ് ഗസ്റ്റ് സംവി​ധാനങ്ങളി​ലൂടെയാണ് ആൺ​കുട്ടി​കൾ നഗരത്തി​ൽ നി​ൽക്കുന്നത്. മുൻകാലങ്ങളി​ൽ വർഷം 5-10 കുട്ടി​കൾ മാത്രമാണ് എറണാകുളത്തേക്ക് വി​ദ്യാഭ്യാസത്തി​ന് എത്തി​യി​രുന്നത്. ആദി​ശക്തി​ സമ്മർ സ്കൂൾ വി​വി​ധ ആദി​വാസി​ മേഖലകളി​ൽ നടത്തി​യ ഇടപെടലുകളി​ലൂടെയാണ് കൂടുതൽ കുട്ടി​കൾ വന്നു തുടങ്ങി​യത്. ഇവരുടെ ഹോസ്റ്റൽ പ്രശ്നങ്ങളും ഇഗ്രാന്റ് അലവൻസ്, ലംപ്സം ഗ്രാന്റ്, പോക്കറ്റ് മണി​ എന്നി​വ യഥാസമയം കി​ട്ടാത്തതും കുട്ടി​കളെ പ്രതി​സന്ധി​യി​ലാക്കുകയാണ്.

സർക്കാർ-ഇതര സ്ഥാപനങ്ങൾ നടത്തുന്ന ഹോസ്റ്റലുകളിൽ താമസിക്കുന്ന സർക്കാർ സഹായം 3,500 രൂപ മാത്രമാണ്. വി​വി​ധ ആവശ്യങ്ങൾ ഉന്നയി​ച്ച് ഇന്ന് ആദി​ശക്തി​ സമ്മർ സ്കൂളി​ന്റെ നേതൃത്വത്തി​ൽ എറണാകുളം നഗരത്തി​ൽ പട്ടി​കവർഗ വി​ദ്യാർത്ഥി​കൾ ഇന്ന് സമര രംഗത്തി​റങ്ങുന്നുണ്ട്.

ആവശ്യങ്ങൾ

🔹ആദിവാസി വിദ്യാർത്ഥികളെ സഹായി​ക്കേണ്ടതി​ന് പകരം അവരെ ഉപദ്രവി​ക്കുന്ന ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആർ. അനൂപിനെ സ്ഥലം മാറ്റുക. 🔹എറണാകുളം നഗരത്തിലും ഇതര ജില്ലകളിലും പ്രവേശനം നേടുന്ന പട്ടികവർഗവിദ്യാർത്ഥികൾക്ക് പിന്തുണ നൽകാൻ സമഗ്രമായ പദ്ധതി തയ്യാറാക്കുക. 🔹പട്ടികവർഗ ആൺ​കുട്ടികൾക്കായി​ താത്കാലിക കെട്ടിടത്തിലെങ്കിലും സർക്കാർ ഹോസ്റ്റൽ ഉടൻ ആരംഭിക്കുക

🔹പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് ട്യൂഷൻ ക്ലാസുകളും മറ്റും വി​ലക്കുന്ന ഉദ്യോഗസ്ഥനെതി​രെ നടപടി​യെടുക്കുക. വാർഡനെ മറികടന്ന് ഹോസ്റ്റൽ ഭരണം അവസാനിപ്പിക്കുക. 🔹ഹോസ്റ്റൽ പ്രവേശന സമയം വൈകി​ട്ട് 6 മണിയാക്കിയതാണ് എട്ട് മണി​യാക്കി​ പുന:സ്ഥാപി​ക്കുക.

🔹കുട്ടി​കൾ ഡ്രോപ്പ് ഔട്ട് ആവുന്ന സാഹചര്യത്തെക്കുറിച്ചും മെന്ററിംഗോ/ ഗൈഡൻസോ/ ട്യൂഷനോ നൽകാത്ത സാഹചര്യത്തെക്കുറിച്ചും അന്വേഷിക്കുക.