സൺഫ്ളെയിമിനെ ഏറ്റെടുക്കാൻ വി-ഗാർഡ് ഇൻഡസ്‌ട്രീസ്

Saturday 10 December 2022 3:44 AM IST

കൊച്ചി: കൺസ്യൂമർ ഇലക്‌ട്രിക്കൽ,​ ഇലക്‌ട്രോണിക്‌സ് ഉത്‌പന്നരംഗത്തെ പ്രമുഖരായ വി-ഗാർഡ് ഇൻഡസ്‌ട്രീസ് ഡൽഹി ആസ്ഥാനമായ കിച്ചൺ അപ്ളയൻസസ് സ്ഥാപനമായ സൺഫ്ളെയിം എന്റർപ്രൈസസിനെ (എസ്.ഇ.പി.എൽ) ​ഏറ്റെടുക്കും. 660 കോടി രൂപയ്ക്ക് സൺഫ്ലെയിമിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്ന നടപടികൾ ജനുവരി മദ്ധ്യത്തോടെ പൂർത്തിയാക്കും.

അടുക്കള,​ ഗൃഹോപകരണ ഉത്‌‌പ‌ന്നമേഖലകളിലും വൻ സാന്നിദ്ധ്യമാവുകയെന്ന ലക്ഷ്യത്തോടെയാണ് അഖിലേന്ത്യാതലത്തിൽ വിപണനശൃംഖലയുള്ള സൺഫ്ളെയിമിനെ വി-ഗാർഡ് സ്വന്തമാക്കുന്നത്. വിറ്റുവരവ്,​ വായ്‌പ എന്നിവവഴിയാണ് ഏറ്റെടുക്കലിനുള്ള പണംകണ്ടെത്തുക.

വി-ഗാർഡിന്റെ വികസനയാത്രയിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ഈ ഏറ്റെടുക്കലെന്ന് വി-ഗാർഡ് ഇൻഡസ്‌ട്രീസ് മാനേജിംഗ് ഡയറക്‌ടർ മിഥുൻ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു. സൺഫ്ളെയിമിന്റെ മികച്ച ഉത്പന്ന വികസനശേഷി,​ അത്യാധുനികമായ പുതിയ ഉത്പാദന പ്ളാന്റ് എന്നിവ ഇന്ത്യയിലെ മുൻനിര കിച്ചൺ അപ്ളയൻസസ് ബ്രാൻഡായി മാറാൻ വി-ഗാർഡിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗൃഹോപകരണരംഗത്ത് ഇന്ത്യയിലെ മുൻനിര ബ്രാൻഡാകാൻ ഏറ്റെടുക്കൽ വി-ഗാ‌ർഡിന് നേട്ടമാകുമെന്ന് സൺഫ്ളെയിം മാനേജിംഗ് ഡയറക്‌ടർ കെ.എൽ.വെർമ പറഞ്ഞു. സൺഫ്ളെയിമിന്റെ ഉത്‌പന്നശ്രേണി,​ വിപുലമായ വിതരണശൃംഖല എന്നിവ വി-ഗാർഡിന് തുറന്നുനൽകുന്നത് വലിയ അവസരങ്ങളാണെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് സി.ഒ.ഒ വി.രാമചന്ദ്രൻ പറഞ്ഞു.