സുജിത്തിനും സുധർമ്മദാസിനും സംസ്ഥാന മാദ്ധ്യമ പുരസ്കാരം

Saturday 10 December 2022 4:34 AM IST

തിരുവനന്തപുരം: 2020ലെ മികച്ച കാർട്ടൂണിനുള്ള സംസ്ഥാന മാദ്ധ്യമ പുരസ്കാരം കേരളകൗമുദി സ്റ്റാഫ് കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിനും മികച്ച ഫോട്ടോഗ്രാഫിക്കുള്ള പുരസ്കാരം കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിനും ലഭിച്ചു.

ജൂലായ് 16ന് 'അമ്മമനം' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ഫോട്ടോയാണ് സുധർമ്മദാസിനെ അവാർഡിനർഹനാക്കിയത്.

തിരുവോണദിവസമായ ആഗസ്റ്റ് 31 ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച പോക്കറ്റ് കാർട്ടൂൺ 'കൊറോണം' ആണ് സുജിത്തിന് പുരസ്കാരം നേടിക്കൊടുത്തത്. ആദ്യമായാണ് സംസ്ഥാന അവാർഡ് പോക്കറ്റ് കാർട്ടൂണിന് ലഭിക്കുന്നത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.

തൃശ്ശൂർ തിരുമിറ്റക്കോട് പരേതനായ ടി.ആർ. കുമാരന്റെയും പി.ആർ. തങ്കമണിയുടെയും മകനായ സുജിത്തിന്

പതിനൊന്നാം തവണയാണ് സംസ്ഥാനമാദ്ധ്യമ അവാർഡ് ലഭിക്കുന്നത്. മീഡിയ അക്കാഡമി ഫെലോഷിപ്പ്, മായാകാമത്ത് ദേശീയ അവാർഡ് എന്നിവ കൂടാതെ എട്ടുതവണ തിരുവനന്തപുരം പ്രസ് ക്ലബ് അവാർഡും മൂന്നുതവണ കേരള ലളിതകലാ അക്കാഡമി അവാർഡും മറ്റു നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അഭിഭാഷകയായ എം. നമിതയാണ് ഭാര്യ. എം.ജി കോളേജ് സോഷ്യോളജി വിദ്യാർത്ഥി അമൽ, കോട്ടൺഹിൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഉമ എന്നിവരാണ് മക്കൾ.

ചേർത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രൻശാന്തി - രാധ ദമ്പതികളുടെ മകനാണ് എൻ.ആർ. സുധർമ്മദാസ്. കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന വിക്ടർ ജോർജ് അവാർഡ്, എൻ.വി. പ്രഭു സ്മാരക മാദ്ധ്യമ അവാർഡ്, നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ മാദ്ധ്യമ അവാർഡ്, സംസ്ഥാന പരിസ്ഥിതി അവാർഡ്, ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ പുരസ്‌കാരം, പത്രാധിപർ സ്മാരക മാദ്ധ്യമ അവാർഡ്, സംസ്ഥാന വനിതാകമ്മിഷൻ മാദ്ധ്യമ പുരസ്കാരം, പബ്ളിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ മാദ്ധ്യമ അവാർഡ്(2014,2015), സംസ്ഥാന സ്‌കൂൾ കലോത്സവ അവാർഡ്, കുടുംബശ്രീ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് (2018,2019), ഗാന്ധിഭവൻ ന്യൂസ് ഫോട്ടോഗ്രഫി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ പി.എസ്. സന്ധ്യ (901 സർവീസ് സഹകരണ ബാങ്ക് പൂച്ചാക്കൽ). മകൾ എൻ.എസ്. നിവേദിത മണപ്പുറം രാജഗിരി സ്കൂൾ നാലാംക്ലാസ് വിദ്യാർത്ഥിയാണ്.