ചാരക്കേസ് :പ്രത്യേക സിറ്റിംഗ് നടത്താമെന്ന് ഹൈക്കോടതി
കൊച്ചി: ഐ. എസ്. ആർ. ഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ പ്രതികളായ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷകളിൽ വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ശനിയാഴ്ചകളിൽ പ്രത്യേക സിറ്റിംഗ് നടത്താമെന്നും ഇതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്നും ഹർജികൾ പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാം പറഞ്ഞു.
തുടർന്ന് ഹർജികൾ 15ന് മാറ്റി.
പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഹർജികൾ വീണ്ടും പരിഗണിക്കാനും നാലാഴ്‌ചയ്‌ക്കകം തീർപ്പാക്കാനും നിർദ്ദേശിച്ച് ഹൈക്കോടതിയിലേക്ക് മടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്പെഷ്യൽ സിറ്റിംഗ് നടത്താമെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടത്.
മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, മുൻ ഐ.ബി ഉദ്യോഗസ്ഥൻ വി.കെ. മെയ്‌നി, മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പി.എസ്. ജയപ്രകാശ്, മുൻ പൊലീസ് ഉദ്യോഗസ്ഥരായ വിജയൻ, തമ്പി എസ്. ദുർഗാദത്ത് എന്നിവരുടെ ഹർജികളാണ് പരിഗണിച്ചത്. മുൻ ഡി.ജി.പി സിബി മാത്യൂസ് ഉൾപ്പെടെയുള്ളവരുടെ ഹർജികൾ പരിഗണിക്കാനുണ്ട്.
നമ്പി നാരായണന്റെ ഹർജിയിൽ സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് സി.ബി.ഐ കേസെടുത്തത്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ജെയിൻ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഓരോ പ്രതിയുടെയും പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിഗണിക്കാതെയാണ് ഹൈക്കോടതി മുൻകൂർജാമ്യം നൽകിയതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ജെയിൻകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹർജികൾ പരിഗണിക്കുമെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചിട്ടില്ലാത്തതിനാൽ അതിലെ ആരോപണങ്ങൾക്ക് മറുപടി നൽകാനാവില്ലെന്ന് ഹർജിക്കാരും വാദിച്ചു.