ഗവർണറെ പുറത്താക്കൽ: സ്വകാര്യബിൽ രാജ്യസഭയിൽ

Saturday 10 December 2022 12:42 AM IST

ന്യൂഡൽഹി: ഗവർണറെ പുറത്താക്കാൻ നിയമസഭകൾക്ക് അധികാരം ഉറപ്പാക്കുന്ന സ്വകാര്യ ബിൽ സി.പി.എം അംഗം ഡോ. വി. ശിവദാസൻ രാജ്യസഭയിൽ അവതരിപ്പിച്ചു. ബില്ലിൻമേൽ 23ന് ചർച്ച തുടരും. നിയമസഭയിൽ മൂന്നിൽ രണ്ട് അംഗങ്ങൾ പിന്തുണച്ചാൽ ഗവർണറെ പുറത്താക്കാമെന്ന വ്യവസ്ഥയാണ് ബില്ലിൽ പ്രധാനം. ഗവർണർമാരുടെ നോമിനേഷൻ രീതി അവസാനിപ്പിച്ച് എം.എൽ.മാരും തദ്ദേശ സ്ഥാപന പ്രതിനിധികളും ചേർന്ന് തിരഞ്ഞെടുക്കുന്ന സംവിധാനം, ഒരാൾ ഒരേ സമയം ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ഗവർണർ ആകുന്നത് തടയൽ, അഞ്ച് വർഷത്തിനു ശേഷം ഗവർണർമാരുടെ കാലാവധി നീട്ടാനുള്ള അനുവാദം പിൻവലിക്കൽ തുടങ്ങിയ ഭേദഗതികളും ബില്ലിലുണ്ട്. ഇതിനായി ഭരണഘടനയുടെ ബന്ധപ്പെട്ട വകുപ്പുകൾ ഭേദഗതി ചെയ്യാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

ഇന്ത്യക്കാരുടെ അഭിപ്രായങ്ങളെ തടയാൻ ബ്രിട്ടീഷുകാർ രൂപം നൽകിയ ഗവർണർ പദവി ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്ന് ശിവദാസൻ പറഞ്ഞു. രാജ്ഭവനുകൾ ഇന്നും ബ്രിട്ടീഷ് കൊളോണിയൽ സമ്പ്രദായത്തിന്റെ പ്രതിരൂപമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിധവകൾക്ക് ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള സ്വകാര്യ ബിൽ ബെന്നി ബഹനാൻ എം.പി ലോക്‌സഭയിൽ അവതരിപ്പിച്ചു. പൊലീസ് കസ്റ്റഡി മരണം, ആൾക്കൂട്ട അതിക്രമം,അലിഗഡ് സർവകലാശാല ഉപകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിഷയം എന്നിവയിൽ മൂന്ന് ബില്ലുകൾ അവതരിപ്പിക്കാൻ മുസ്ളിംലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീറിന് അനുമതിലഭിച്ചു.