ദുരന്തസാധ്യത നേരിടാൻ സുനാമി റെഡി പദ്ധതി

Saturday 10 December 2022 12:08 AM IST
സുനാമി റെഡി പദ്ധതി സംഘാടക സമിതി രൂപീകരണയോഗം വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: സുനാമി പോലുള്ള ദുരന്തസാധ്യതയെ നേരിടുന്നതിനുള്ള യുനെസ്‌കോ പദ്ധതിയായ സുനാമി റെഡി പദ്ധതിക്ക് ഡിസംബർ 16ന് വലിയപറമ്പിൽ തുടക്കം ദുരന്തങ്ങളെ നേരിടുന്നതിന് തീരദേശ സമൂഹത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ആറ് തീരദേശ ജില്ലകളിലെ ആറ് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ ജനവിഭാഗങ്ങൾ, ജനപ്രതിനിധികൾ, ദുരന്ത നിവാരണ ഏജൻസികൾ, വിവിധ വകുപ്പുകൾ എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്. പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകൾ കണക്കിലെടുത്താണ് വലിയപറമ്പ ഗ്രാമപഞ്ചായത്തിനെ പദ്ധതിക്കായി തിരഞ്ഞെടുത്തത്.

പരിപാടിയുടെ സംഘാടകസമിതി രൂപീകരണയോഗം വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസിഡന്റ് വി.വി. സജീവൻ ചെയർമാനായും വൈസ് പ്രസിഡന്റ് പി. ശ്യാമള വൈസ് ചെയർമാനായും സെക്രട്ടറി എം.പി.വിനോദ്കുമാർ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യോഗം ഉദ്ഘാടനം ചെയ്തു. എഡിഎം എ.കെ. രമേന്ദ്രൻ അദ്ധ്യക്ഷനായി. തഹസിൽദാർ എൻ.മണിരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, സെക്രട്ടറി എം.പി. വിനോദ്കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഇ.കെ. മല്ലിക, ഖാദർ പാണ്ട്യാല, തൃക്കരിപ്പൂർ ഫയർ ഓഫീസർ കെ.എം. ശ്രീനാഥൻ, ഹസാർഡ് അനലിസ്റ്റ് പ്രേംജി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

സുനാമി റെഡി പദ്ധതി

സുനാമി ദുരന്ത ലഘൂകരണ പദ്ധതികൾ, ഭൂപടങ്ങൾ, അവബോധന ക്ലാസുകൾ, മോക്ക് ഡ്രില്ലുകൾ തുടങ്ങി വിവിധങ്ങളായ സൂചകങ്ങൾ മുൻനിർത്തി ഒരു തീരദേശ ഗ്രാമത്തിന് സുനാമി റെഡി എന്ന് സാക്ഷ്യപത്രം നൽകുന്ന അന്താരാഷ്ട്ര പദ്ധതിയാണ് സുനാമി റെഡി. യുനെസ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർ ഗവൺമെന്റൽ ഓഷ്യനോഗ്രാഫിക് കമ്മീഷൻ ആണ് അംഗീകാരം നൽകുന്നത്. അടുത്ത വർഷം ഡിസംബറോടെ യുനെസ്‌കോ സംഘം പരിശോധന നടത്തി അന്തിമ പ്രഖ്യാപനം നടത്തും. ഇന്ത്യൻ മഹാസമുദ്ര തീരരാജ്യങ്ങളിൽ ഒഡിഷയിലെ രണ്ട് ഗ്രാമങ്ങൾ മാത്രമാണ് ഇതുവരെ ഈ അംഗീകാരം നേടിയിട്ടുള്ളത്.