പോപ്പുലർ ഫ്രണ്ട് കേസ്: ഇ.ഡിയുടെ നോട്ടീസിനെതിരെയുള്ള ഹർജി തള്ളി

Saturday 10 December 2022 12:18 AM IST

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ ഡൽഹി ഓഫീസിൽ നവംബർ 11ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന ഇ.ഡിയുടെ നോട്ടീസിനെതിരെ പാലക്കാട് അലനല്ലൂർ സ്വദേശി എൻ. ഉസ്‌മാൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി റെയ്‌ഡ് നടത്തി എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിനുപിന്നാലെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം ഇ.ഡി എടുത്ത കേസാണിത്.

മലയാളിയായ തനിക്ക് മറ്റൊരു ഭാഷയും വശമില്ലെന്നും ഡൽഹിയിൽ ഹാജരാകുന്നതിനുപകരം കൊച്ചിയിലെ സോണൽ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ അനുവദിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യമുന്നിച്ച് ഇ.ഡിക്ക് ഇ മെയിൽ നൽകിയെങ്കിലും മറുപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. എന്നാൽ പോപ്പുലർഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം നിക്ഷേപിച്ചതിന് ഉസ്‌മാനെതിരെ തെളിവുകളുണ്ടെന്ന് ഇ.ഡിയുടെ ഡൽഹി ഓഫീസിലെ അസി. ഡയറക്ടർ നൽകിയ സ്റ്റേറ്റ്‌മെന്റിൽ വ്യക്തമാക്കിയിരുന്നു. ഇ.ഡിയുടെ ഹെഡ് ഓഫീസിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സാണ് കേസന്വേഷിക്കുന്നത്. ഡൽഹിക്കു പുറത്തുവച്ച് മൊഴി എടുക്കുന്നത് ഉചിതമല്ല. ഹർജിക്കാരന് മലയാളത്തിൽ മൊഴി നൽകാനാവും. കേസുമായി ബന്ധപ്പെട്ട് വൻതോതിൽ തെളിവുകൾ ശേഖരിച്ചിട്ടുള്ളതിനാൽ ഇവയൊക്കെ അടിസ്ഥാനമാക്കി ചോദ്യംചെയ്യാൻ ഡൽഹിയിലെ ഓഫീസിൽ ഉസ്മാൻ എത്തണമെന്നും ഇ.ഡി വ്യക്തമാക്കി. തുടർന്നാണ് ജസ്റ്റിസ് എ. സിയാദ് റഹ്മാൻ ഹർജി തള്ളിയത്.

Advertisement
Advertisement