വിദേശത്ത് പഠിച്ചവരുടെ ക്ളിനിക്കൽ പരിശീലനം: വിദഗ്ദ്ധ സമിതി രൂപീകരിക്കണം
ന്യൂഡൽഹി: കൊവിഡ്,യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിൽ വിദേശ രാജ്യങ്ങളിൽ ക്ലിനിക്കൽ പരിശീലനം പൂർത്തിയാക്കാൻ കഴിയാത്ത ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോടും, നാഷണൽ മെഡിക്കൽ കമ്മിഷനോടും സുപ്രീം കോടതി നിർദ്ദേശിച്ചു. ഒരു കൂട്ടം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
കോഴ്സുകൾ ഓൺലൈനായി പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നേടിയപ്പോഴും വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ പരിശീലനം പൂർത്തിയാക്കാൻ കഴിയാത്തത് കോടതി ചൂണ്ടിക്കാട്ടി. അവർ പഠിച്ച സർവ്വകലാശാലകളിലേക്ക് ഇതിനായി തിരിച്ചു പോകാൻ കഴിയില്ല. അവസാന വർഷ വിദ്യാർത്ഥികളല്ലാത്തതിനാൽ ഇളവ് നൽകാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരും എൻ.എം.സിയും സ്വീകരിച്ചത്. എന്നാൽ ഓൺലൈനായി കോഴ്സ് പൂർത്തിയാക്കിയതും ,യുദ്ധം, അപ്രതീക്ഷിത സംഭവങ്ങളും കണക്കാക്കി വിഷയം വീണ്ടും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു.
ഏതാണ്ട് 500 വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാണ്. അവർ 7 സെമസ്റ്ററുകൾ നേരിട്ടും 3 എണ്ണം ഓൺലൈനായും പൂർത്തിയാക്കിയിട്ടുണ്ട്. ഹർജിക്കാരെല്ലാം എഫ്.എം.ജി.ഇ (ഫോറിൻ മെഡിക്കൽ ഗ്രാഡ്വോറ്റ് എക്സാമിനേഷൻ) പരീക്ഷ പാസ്സായി.വിദ്യാർത്ഥികൾ നേരിടുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾ പരിഹരിച്ചില്ലെങ്കിൽ അവരുടെ കുടുംബങ്ങളും ദുരിതത്തിലാകും. ആരോഗ്യ, വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ എൻ.എം.സിയുമായി കൂടിയാലോചിച്ച് പ്രശ്ന പരിഹാരത്തിനുള്ള വഴി കണ്ടെത്തി എത്രയും വേഗം അറിയിക്കാനും ബെഞ്ച് നിർദ്ദേശിച്ചു. ഹർജികളിൽ 2023 ജനുവരി 25 ന് വീണ്ടും വാദം കേൾക്കും.
റിപ്പബ്ലിക് ദിന
സമ്മാനമാകട്ടെ
മാനുഷിക പ്രശ്നമെന്ന നിലയിൽ വിദ്യാർത്ഥികൾക്ക് റിപ്പബ്ലിക് ദിന സമ്മാനം നൽകാൻ ജസ്റ്റിസ് ഗവായ് നിർദ്ദേശിച്ചു. ഇതിന്റെ പേരിൽ രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾ ഹർജികളുമായി വരരുത്. 2022 ജൂൺ 30 ന് മുമ്പ് പരീക്ഷ പാസായവർക്ക് മാത്രമുള്ളതാണിത്. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ പ്രശ്നം എൻ.എം.സിക്ക് കൈമാറിയതായും കോടതി ചൂണ്ടിക്കാട്ടി.