263 വിദ്യാലയങ്ങളിൽ ലഹരി വ്യാപനം: മന്ത്രി രാജേഷ്

Saturday 10 December 2022 2:44 AM IST

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയതിന് പിന്നാലെ എക്സൈസിന്റെയും പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അന്വേഷണത്തിൽ സംസ്ഥാനത്തെ 263 വിദ്യാലയങ്ങളിൽ ലഹരി വ്യാപനമുണ്ടെന്ന് കണ്ടെത്തിയതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ഇവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ കർശന നിർദ്ദേശം നൽകി. ലഹരി മാഫിയയെ അടിച്ചൊതുക്കാനുള്ള നടപടി സർക്കാർ കൈക്കൊള്ളുമെന്നും മാത്യു കുഴൽനാടന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.

ജനകീയ നിരീക്ഷണം ശക്തമായതോടെ ലഹരിമാഫിയ ആക്രമണമഴിച്ചുവിടുന്ന സാഹചര്യമുണ്ട്. ഈ വർഷം 24,563 മയക്കുമരുന്നു കേസുകൾ രജിസ്റ്റർ ചെയ്തു. 27,088 പേരെ അറസ്റ്റ് ചെയ്തു. ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം 7177 എൻ.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തു.

ചെക്ക് പോസ്റ്റുകളില്ലാത്ത അതിർത്തി റോഡുകളിൽ മൊബൈൽ പട്രോളിംഗ് യൂണിറ്റുകൾ വാഹന പരിശോധന നടത്തും. 14 ചെക്ക്‌ പോസ്റ്റുകളിൽ സി.സി ടിവി കാമറകൾ സ്ഥാപിക്കും. അതിർത്തി റോഡുകളിൽ വാഹന പരിശോധന ശക്തിപ്പെടുത്തുന്നതിന് കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (കെമു) ഉടൻ ആരംഭിക്കും.

കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം ശരിയല്ല. സർക്കാരിന്റെ ശ്രമങ്ങളെ കലക്കാനാണ് മാത്യു കുഴൽനാടൻ ശ്രമിച്ചത്. കുറേക്കൂടി പ്രായമാകുമ്പോൾ അദ്ദേഹത്തിന് പക്വത വരുമെന്നും മന്ത്രി പറഞ്ഞു. ഡ്രഗ് മാഫിയയോട് പൊരുതാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാർ കാട്ടുന്നില്ലെന്ന് മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.

Advertisement
Advertisement