വടക്കടത്തുകാവിൽ വരുന്നു, കിടത്തിച്ചികിത്സയുള്ള ഹോമിയോ ആശുപത്രി

Saturday 10 December 2022 12:47 AM IST
വടക്കടത്തുകാവിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഐ. പി സംവിധാനത്തോട് കൂടിയ ഹോമിയോ ആശുപത്രിക്കായുള്ള സർവേ നടപടികൾ ആരംഭിച്ചപ്പോൾ

അടൂർ : സ്ത്രീകൾക്കും കുട്ടികൾക്കുമായി ഐ.പി സംവിധാനത്തോട് കൂടിയ ഹോമിയോ ആശുപത്രി ഏറത്ത് പഞ്ചായത്തിലെ വടക്കടത്തുകാവിൽ ആരംഭിക്കുന്നു. ഇതിനായി വിട്ടുകിട്ടിയ കെ.ഐ.പി യുടെ 30 സെന്റ് സ്ഥലത്ത് ഇന്നലെ സർവേ നടപടികൾ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായി നാഷണൽ ആയുഷ് മിഷന്റെ ഫണ്ടിൽ നിന്ന് ലഭിച്ച ഏഴര കോടി രൂപ ചെലവഴിച്ചാണ് ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്. ഹോമിയോ ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ.ബി.ബിജുകുമാർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ചേർന്ന് നടത്തിയ പരിശ്രമമാണ് ഇപ്പോൾ ഫലം കണ്ടത്. വാപ്കോസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിർമ്മാണ പ്രവർത്തികൾക്ക് നേതൃത്വം നൽകുന്നത്. പത്ത് കിടക്കകൾക്കുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇത് 25 കിടക്കളുള്ള ആശുപത്രിയായി മാറ്റുന്നതിന് സർക്കാരിന്റെ അനുമതിക്കായുള്ള ശ്രമവും ആരംഭിച്ചു. താഴത്തെ നിലയിൽ പാർക്കിംഗ് സൗകര്യവും അതിന് മുകളിലായി അഞ്ച് നിലകളിലുള്ള ബഹുനില മന്ദിരവുമാണ് നിർമ്മിക്കുന്നത്. ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതോടെ വന്ധ്യതാനിവാരണ പദ്ധതിയായ 'ജനനി', കുട്ടികൾക്കുള്ള പ്രത്യേക പദ്ധതിയായ 'സദ്ഗമയ' എന്നിവയും പൂർണ്ണമായും ഇൗ ആശുപത്രിയിലേക്ക് പ്രവർത്തനം മാറ്റും. നിലവിൽ ജില്ലയിലെ രണ്ടിടങ്ങളിലായാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. ലാബ്, സ്കാനിംഗ് തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. ഹോമിയോ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ.ബിജു, കെ.സുനിൽ ബാബു, വാപ്കോസ് പ്രതിനിധി ശരത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സർവേ. മണ്ണ് പരിശോധന പൂർത്തിയായാൽ ഉടൻ ഡി.പി.ആർ തയാറാക്കി മാർച്ച് മാസത്തോടെ നിർമ്മാണം ആരംഭിക്കും.

ഹോമിയോപ്പതി ചികിത്സാരംഗത്ത് പുതിയ ചുവടുവയ്പ്പാകും ഇത്. അത്യാധുനിക സൗകര്യങ്ങളോടെയാകും പ്രവർത്തനം. ഹോമിയോപ്പതി ഡിസ്പൻസറി എന്ന സങ്കൽപ്പത്തിൽ നിന്ന് കിടത്തി ചികിത്സയുള്ള ഇടമായി മാറുന്നതോടെ രോഗികളെ പരിപൂർണ്ണമായി നിരീക്ഷിക്കുന്നതിനും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനും കഴിയും.

ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്പീക്കർ.