വിഴിഞ്ഞത്ത് അടിയന്തരമായി 400മീറ്റർ ബെർത്ത്: അഹമ്മദ് ദേവർകോവിൽ

Saturday 10 December 2022 12:00 AM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 മീറ്റർ ബെർത്ത് അടിയന്തരമായി പൂർത്തിയാക്കാൻ തുറമുഖ കമ്പനിക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അഹമ്മദ്‌ ദേവർകോവിൽ നിയമസഭയിൽ പറഞ്ഞു. ബാർജുകളും ക്രെയിനുകളും അടിയന്തരമായി എത്തിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ, വി.ജോയി, കെ.ആൻസലൻ, വി.കെ.പ്രശാന്ത് എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.

സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, ടൂറിസം രംഗങ്ങളിൽ അമ്പരപ്പിക്കുന്ന പുരോഗതിയാണ് തുറമുഖം സൃഷ്ടിക്കുക. പ്രത്യക്ഷ-പരോക്ഷ തൊഴിലുകളിലൂടെ സാമ്പത്തിക വളർച്ചയുണ്ടാകും. തുറമുഖ നിർമ്മാണഘട്ടത്തിലും കമ്മിഷൻ ചെയ്തശേഷവും പ്രദേശത്തുള്ളവർക്ക് തൊഴിലുകളിൽ പ്രാതിനിദ്ധ്യം നൽകും. പ്രദേശവാസികൾക്ക് സാങ്കേതിക പ്രാവീണ്യം നൽകുന്നതിന് 50 കോടി ചെലവിൽ അസാപ് തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കും. തുറമുഖ നിർമ്മാണ കമ്പനി പരിശീലന പങ്കാളിയാണ്. പരിശീലനം പൂർത്തിയാക്കുന്ന മുറയ്ക്ക് തൊഴിൽ നൽകിത്തുടങ്ങും. ഇതിനുപുറമെ ലോജിസ്റ്റിക്സ് പാർക്ക് സ്ഥാപിക്കാനുള്ള നടപടികളും കമ്പനി തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 1000 പേർക്കും പിന്നീട് 10,000 പേർക്കും തൊഴിൽ ലഭിക്കും. വെയർഹൗസ്, പാർപ്പിട, ഹോട്ടൽ മേഖലകളിലടക്കം വലിയ മുന്നേറ്റമാവും ഉണ്ടാവുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.