നിലയ്ക്കലിലും വൻ തിരക്ക്, തീർത്ഥാടകർ വലഞ്ഞു

Saturday 10 December 2022 12:53 AM IST

നിലയ്ക്കൽ : ശബരിമലയിൽ ഉണ്ടായ അഭൂതപൂർവമായ ഭക്തജനത്തിരക്കിനെ തുടർന്ന് നിലയ്ക്കലിൽ തീർത്ഥാടകർ വലഞ്ഞു. പാർക്കിംഗ് ഗ്രൗണ്ടുകൾ നിറഞ്ഞതിനാൽ നിലയ്ക്കലിലേക്ക് എത്തിയ തീർത്ഥാടകരുടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ടോൾ സംവിധാനം സ്തംഭിച്ചു. പമ്പയിൽ നിന്ന് കുടിവെള്ളവുമായി എത്തിയ ടാങ്കർ ലോറികൾ നിലയ്ക്കൽ പ്രവേശന കവാടത്തിൽ നിന്ന് പ്രധാന ടാങ്കുകളുടെ അടുത്തേക്ക് എത്താൻ മണിക്കൂറുകൾ വൈകി. ഇതേ തുടർന്ന് ശുചിമുറികളിലേക്കും ഹോട്ടലുകളിലേക്കുമുള്ള ജലവിതരണം ഏറെ നേരം തടസപ്പെട്ടു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസുകളിൽ കുട്ടികൾ ഉൾപ്പെടെയുള്ള അയ്യപ്പൻമാർ തിങ്ങിഞെരുങ്ങിയാണ് കയറിയത്. ഗതാഗതക്കുരുക്ക് കാരണം ബസുകൾ മുന്നോട്ടു പോകാൻ തടസമുണ്ടായി. പമ്പയിൽ നിന്ന് തീർത്ഥാടകരുമായി മടങ്ങിയ കെ.എസ്.ആർ.ടി.സി ബസുകൾ നിലയ്ക്കൽ പ്രവേശന കവാടത്തിൽ കുടുങ്ങി. പൊലീസിന്റെ മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തിരക്ക് നിയന്ത്രിക്കാനായത്.

സന്നിധാനത്തെ വൻ ഭക്തജനത്തിരക്ക് കാരണം ഇന്നലെ ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽ തടഞ്ഞിരുന്നു. ഇതുകാരണം പമ്പയിലേക്കുള്ള തീർത്ഥാടകരെ നിലയ്ക്കലും നിയന്ത്രിച്ചതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്.