ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, ദർശനത്തിന് പത്ത് മണിക്കൂർ കാത്തുനിൽപ്പ്

Saturday 10 December 2022 12:09 AM IST

ശബരിമല : തീർത്ഥാടകരുടെ മഹാപ്രവാഹത്തെ തുടർന്ന് സന്നിധാനവും പമ്പയും ഇന്നലെ തിരക്കിൽ അമർന്നു. പത്ത് മണിക്കൂറോളം നീണ്ട കാത്തുനിൽപ്പിനൊടുവിലാണ് ഭക്തർക്ക് പതിനെട്ടാംപടി കയറി ദർശനം ലഭിച്ചത്. ഇന്നലെ വിവിധ സമയങ്ങളിൽ തീർത്ഥാടകരുടെ നീണ്ടനിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തിയും മരക്കൂട്ടവും കടന്നു. മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റൽ മഴയും തീർത്ഥാടകരെ ഏറെ വലച്ചു.

തിക്കിലും തിരക്കിലുംപെട്ട് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട നിരവധി ആളുകളെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെയും ഭക്ഷണം ലഭിക്കാതെയും കൊച്ചുകുട്ടികൾ ഉൾപ്പടെയുള്ള തീർത്ഥാടകർ ബുദ്ധിമുട്ടി. ദേവസ്വം ബോർഡ് നൽകിയ ചുക്കുവെള്ളവും ബിസ്ക്കറ്റും മാത്രമായിരുന്നു ഏക ആശ്വാസം.

ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കിനാണ് ഇന്നലെ സന്നിധാനം സാക്ഷ്യം വഹിച്ചത്. ഒരു ലക്ഷത്തിൽ കൂടുതൽ തീർത്ഥാടകർ ദർശനത്തിന് എത്തിയ ദിവസമായിരുന്നു ഇന്നലെ. ഓൺ ലൈൻ വഴി മാത്രം 1,07,695 തീർത്ഥാടകരാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന് പുറമെ സ്പോട്ട് ബുക്കിംഗുമുണ്ട്. വരുന്ന രണ്ട് ദിവസങ്ങളിലും ഒരു ലക്ഷത്തിന് അടുത്ത് തീർത്ഥാടകർ ബുക്ക് ചെയ്തിട്ടുണ്ട്. തിരക്കിനെ തുടർന്ന് നിരവധി തവണ പമ്പയിൽ തീർത്ഥാടകരെ തടഞ്ഞു. നിലയ്ക്കൽ - പമ്പ റൂട്ടിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

മഴയും തടസമായി

വ്യാഴാഴ്ച രാത്രിയിൽ പെയ്ത മഴ മലകയ​റ്റത്തിന് തടസമായി. ഇതിനാൽ നട അടച്ചശേഷം ആയിരക്കണക്കിന് തീർത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തിയത്. ഇവരും ഇന്നലെ രാവിലെ മുതൽ വടക്കേനട വഴി സോപാനത്തിൽ എത്തി ദർശനം നടത്തിയതോടെ തിരക്ക് അനുഭവപ്പെട്ടു. സോപാനത്തെ തിരക്കിനെ തുടർന്ന് മേൽപ്പാലത്തിൽ മാത്രം കാത്തുനിൽപ്പ് നാല് മണിക്കൂറോളം നീണ്ടു. വലിയ നടപ്പന്തലിലെ എല്ലാ വരികളും വ്യാഴാഴ്ച രാത്രി തന്നെ നിറഞ്ഞിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട കാത്തുനിൽപ്പിന് ശേഷമാണ് ഇവിടെ ഉണ്ടായിരുന്നവർക്ക് ദർശനഭാഗ്യം ലഭിച്ചത്. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ബേസ് ക്യാമ്പായ നിലയ്ക്കലിലും നിയന്ത്റണങ്ങൾ ഏർപ്പെടുത്തി.

Advertisement
Advertisement