വന്യമൃഗശല്യം: തെരുവ് വിളക്കുകൾ സ്ഥാപിച്ചു

Saturday 10 December 2022 12:10 AM IST

മണ്ണാർക്കാട്: വന്യമൃഗ ശല്യം രൂക്ഷമുള്ള പ്രദേശങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചു. അലനല്ലൂർ പഞ്ചായത്തിലെ ചൂരപ്പട്ട, ചോലമണ്ണ്, താന്നിക്കുന്ന്, പൊൻപാറ,​ കോട്ടോപ്പാടം പഞ്ചായത്തിലെ പുളിച്ചിപ്പാറ, പുളിക്കലടി, ചുള്ളിപ്പാറ, കാഞ്ഞിരംകുന്ന്,​ കുമരംപുത്തൂർ പഞ്ചായത്തിലെ മേക്കളപ്പാറ,​ തെങ്കര പഞ്ചായത്തിലെ പാങ്ങോട്, തത്തേങ്ങലം, ടീച്ചർപ്പടി, കരിമ്മൻകുന്ന് കോളനി എന്നീ പ്രദേശങ്ങളിലായി നിലവിൽ 138 തെരുവ് വിളക്കുകളാണ് സ്ഥാപിച്ചത്.

കുമരംപുത്തൂർ,​ കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിൽ 30 വിളക്കുകൾകൂടി സ്ഥാപിക്കും. ഇതിനുപുറമെ വന്യമൃഗ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ പഞ്ചായത്ത്, സന്നദ്ധ സംഘടനകൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെ റോഡരികിലെ അടിക്കാടും വെട്ടിത്തെളിക്കുന്നുണ്ട്. രാത്രി പട്രോളിംഗും ശക്തമാക്കും. സ്പെഷ്യൽ ടീമിനെയും റബ്ബർ ബുള്ളറ്റും ഉപയോഗിച്ച് ആനകളെ തുരത്തും.

ഇതിന് പുറമേ ആദിവാസി യുവാക്കൾക്ക് ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർ പി.എസ്.സി കോച്ചിംഗ്,​ പരീക്ഷയ്ക്ക് വാഹനസൗകര്യം,​ അട്ടപ്പാടി ചുരത്തിലെ മാലിന്യം നീക്കാൻ വാച്ചർമാരെ നിയമിക്കുക തുടങ്ങിയ പദ്ധതികളും നടപ്പാക്കിയതായി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുബൈർ പറഞ്ഞു.