ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ച് അധികാരികൾ ഓട്ടോതൊഴിലാളികൾ വീണ്ടും സമരത്തിലേക്ക്

Saturday 10 December 2022 12:24 AM IST
ഓട്ടോ ഡ്രൈവർമാർക്ക് വേണ്ടി നിർമിച്ച ടോയ്ലറ്റ് തുറന്നുകൊടുക്കാത്ത നിലയിൽ

കോഴിക്കോട്: പാർക്കിംഗ് സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്താൻ സി.ഐ.ടിയു ഒഴികെയുള്ള വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്കുകൾ നടത്തിയിട്ടും ഫലം കണ്ടില്ല. നിരവധി തവണ ആവശ്യങ്ങൾ കോർപ്പറേഷനെ അറിയിച്ചിട്ടും യാതൊരു പരിഹാര നടപടികളും സ്വീകരിച്ചിട്ടില്ല.

പഴയ കോഴിക്കോട് കോർപ്പറേഷന്റെ പരിധിയിൽ 4337 ഓട്ടോകളാണ് സർവീസ് നടത്തിക്കൊണ്ടിരുന്നത്. പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് കോർപ്പറേഷൻ വികസിച്ചു എന്ന് പറഞ്ഞ് പരിസ്ഥിതി പോളിസിയുടെ ഭാഗമായി 3000 പെർമിറ്റ് അനുവദിച്ചു. തുടർന്ന് 1000 വണ്ടികൾ കൂടി പെർമിറ്റ് കൊടുത്ത് സർവീസ് നടത്താൻ തുടങ്ങി. നിലവിലിപ്പോൾ അയ്യായിരത്തിൽ കൂടുതൽ ഓട്ടോകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ ആകെ 40 സ്റ്റാൻഡുകളാണുള്ളത്. എന്നാൽ നഗരവികസനത്തിന്റെ ഭാഗമായി സ്റ്റാൻഡുകൾ ഇല്ലാതായിക്കൊ ണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ കോ-ഓർഡിനേഷനായിട്ടോ വിവിധ യൂണിയനുകളുമായോ ആലോചിക്കാതെ അധികാരികൾ ഏകപക്ഷീയമായാണ് പെർമിറ്റുകൾ കൊടുക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നാണ് തൊഴിലാളികൾ പറയുന്നത്.

തൊഴിലാളികളുടെ പ്രാഥമികാവശ്യങ്ങൾ പോലും കോർപ്പറേഷൻ കണ്ടില്ലെന്ന് നടിക്കുകയാണ്. വനിതകൾ ഉൾപ്പെടെ നിരവധി ഓട്ടോ തൊഴിലാളികൾ ആണ് റെയിൽവേ സ്റ്രേഷൻ സ്റ്റാൻഡിലുള്ളത്. രാവിലെയും രാത്രിയിലുമായി തൊഴിലെടുക്കുന്നവർക്ക് പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ പോലും ഇവിടെയില്ല. തൊഴിലാളികളുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരം ഇവർക്കായി ആറു മാസങ്ങൾക്ക് മുമ്പ് ടോയ്ലറ്റ് നിർമ്മിച്ച് നൽകിയെങ്കിലും ഇതുവരെ തുറന്നു നൽകിയിട്ടില്ല. പല ഡ്രൈവർമാരും തൊട്ടടുത്തുള്ള ഹോട്ടലുകളിലെയും പള്ളികളിലെയും ടോയ്ലെറ്രുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ വനിതാഡ്രൈവർമാർക്ക് ഇതിനൊന്നും കഴിയാത്ത അവസ്ഥയാണ്.

ലോക്ക് തുറക്കാതെ ടോയ്ലെറ്റുകൾ

ആവശ്യങ്ങൾക്ക് താത്ക്കാലിക പരിഹാരമെന്നോണം കോർപ്പറേഷൻ നിർമിച്ചു നൽകിയ ടോയ്ലെറ്റുകളുണ്ടായിട്ടും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതുവരെയും തൊളിലാഴികൾക്ക് തുറന്നുനൽകിയിട്ടില്ല. സ്റ്റാൻഡുകളിൽ ടോയ്ലറ്റുകൾ ആവശ്യപ്പെടുമ്പോൾ സ്ഥലം ഇവരോട് തന്നെ കണ്ടെത്താനാണ് കോർപ്പറേഷൻ പറയുന്നത്. സ്വന്തം ഉത്തരവാദിത്തങ്ങൾ തൊഴിലാളികളെ ഏൽപ്പിച്ചു കൊണ്ട് അധികാരികൾ കൈയ്യൊഴിയുകയാണെന്നാണ് തൊഴിലാളികൾ പറയുന്നത്.

നേരത്തെ ഉണ്ടായിരുന്ന ഓട്ടോ സ്റ്റാൻഡുകൾ എല്ലാം ഓട്ടോ ബേകളാക്കി. പല സ്റ്റാൻഡുകളും പൊതു പാർക്കിംഗ് ഇടങ്ങളാക്കി ഗ്രാഫിക് പൊലീസിന്റെ നിയന്ത്രണത്തിലായി. പലതും വികസനത്തിന്റെ ഭാഗമായി ഇല്ലാതെയായി. അതുകൊണ്ടുതന്നെ ഓട്ടോകൾക്ക് പാർക്ക് ചെയ്യാനുള്ള ഇടങ്ങൾ പരിമിതമാണ്. ഇത് പരിഹരിക്കാൻ കോർപ്പറേഷൻ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പണിമുടക്ക് നടത്തുമെന്ന് കോർപ്പറേഷന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കെ.മൊയ്തീൻകോയ

കൗൺസിലർ

ടോയ്ലെറ്റുകൾ ഇല്ലാത്തത് കാരണം തൊളിലാളികൾ പ്രാഥമിക ആവശ്യങ്ങൾക്കായി മറ്റിടങ്ങൾ അന്വേഷിച്ച് പോകേണ്ട അവസ്ഥയാണ്. വനിതാ ഡ്രൈവർമാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

റിയാസ്

ഓട്ടോ തൊഴിലാളി

Advertisement
Advertisement