ചോമ്പാല സ്റ്റേഷൻ തകർക്കാൻ ആഹ്വാനം: ഒരാൾ അറസ്റ്റിൽ

Saturday 10 December 2022 12:26 AM IST

വടകര: വിഴിഞ്ഞം മോഡലിൽ ചോമ്പാല പൊലീസ് സ്റ്റേഷൻ അടിച്ചു തകർക്കാൻ നവ മാദ്ധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തയാൾ അറസ്റ്റിൽ. മുക്കാളി ആശാരിന്റവിട ഷംസുദീനെയാണ് (46) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. അഴിയൂരിൽ പെൺകുട്ടി മയക്കുമരുന്ന് കാരിയറായ സംഭവത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസിനെതിരെയായിരുന്നു രോഷം.

കലാപാഹ്വാനം , അക്രമണത്തിന് പ്രേരണ നൽകൽ എന്നീ കുറ്റങ്ങൾ ചേർത്താണ് കേസെടുത്തത്. ശബ്ദസന്ദേശം ലഭിച്ചതിനെ തുടർന്നു റൂറൽ എസ്.പി കറുപ്പസാമിയുടെ നിർദേശത്തെ തുടർന്ന് മുപ്പതോളം പേരുള്ളപൊലീസ് സംഘം വ്യാഴാഴ്ച രാത്രി ചോമ്പാല സ്റ്റേഷന് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസും മയക്കുമരുന്നു മാഫിയയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണു പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്നും ജനകീയ മാർച്ച് നടത്തി സ്റ്റേഷൻ അടിച്ചുതകർക്കണമെന്നുമാണ് ഷംസുദീൻ പറഞ്ഞത്.