പക്ഷാഘാത ചികിത്സ അതിവേഗം ഉറപ്പാക്കും : മന്ത്രി വീണ

Saturday 10 December 2022 12:27 AM IST

തിരുവനന്തപുരം: പക്ഷാഘാതം ബാധിക്കുന്ന സാധാരണക്കാർക്ക് അതിവേഗത്തിൽ ചികിത്സ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അതിനായി ചികിത്സ കൂടുതൽ വികേന്ദ്രീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സ്വിറ്റ്സർലൻഡിലെ ബേൺ യൂണിവേഴ്സിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ഏഷ്യൻ സ്ട്രോക്ക് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ല ആശുപത്രികളിൽ നിലവിൽ സ്ട്രോക്ക് ചികിത്സ വ്യാപിപ്പിച്ചിട്ടുണ്ട്. ശ്രീചിത്രയുടെ സഹകരണത്തോടെയാണ് ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുന്നത്. വീടിന് സമീപം പക്ഷാഘാതത്തിനുള്ള ചികിത്സ ഉറപ്പാക്കും. പക്ഷാഘാതത്തിൽ നിന്ന് മുക്തി നേടുന്നവർ ഭൂരിഭാഗവും പലതരം അംഗവൈകല്യങ്ങൾക്ക് പിടിയിലാകുന്നു. ഇവരെ ഫിസിയോതെറാപ്പിയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യാഥിതിയായി.

ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി അദ്ധ്യക്ഷത വഹിച്ചു. ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എൻ. ശൈലജ, ഇമേജിംഗ് സയൻസസ് ആൻഡ് ഇന്റർവെൻഷണൽ റോഡിയോളജി വിഭാഗം പ്രൊഫസർ ഡോ. ഇ.ആർ.ജയദേവൻ, സ്വിറ്റ്സർലണ്ട് ബേൺ യൂണിവേഴ്സിറ്റി ന്യൂറേറേഡിയോളജി വിഭാഗം മേധാവി ഡോ.ജാൻ ഗ്യാല, സ്വിറ്റ്സർലണ്ടിലെ ബാസെൽ യൂണിവേർസിറ്റി ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം ചെയർമാൻ ഡോ.ഓഴ്സ് ഫിഷർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ നാളെ സമാപിക്കും.