മാലിന്യം മാറിയ മറവൻതുരുത്ത് ഇനി സഞ്ചാരികളുടെ പറുദീസ

Saturday 10 December 2022 4:33 AM IST

കോട്ടയം : മാലിന്യം നിറഞ്ഞൊരു നാട് ജനകീയ പങ്കാളിത്തത്തോടെ കലയുടേയും കാഴ്‌ചയുടേയും പറുദീസയായി ടൂറിസം കേന്ദ്രമാവുന്നു...വൈക്കം മറവൻതുരുത്തിലാണ് ഈ വിസ്‌മയം. ടൂറിസം വകുപ്പും പഞ്ചായത്തും കൈകോർത്തപ്പോൾ വിനോദ സഞ്ചാരത്തിൽ മുന്നേറിയ നാട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ 'സ്ട്രീറ്റ് പദ്ധതി'യിൽ ഇടംപിടിച്ച്, ടൂറിസം ഗ്ളോബൽ അവാർഡും കേരളത്തിന് നേടിക്കൊടുത്തു.

നാടിന്റെ നാഡീഞരമ്പുകളായ 18 കനാലുകളും മാലിന്യക്കുപ്പകളായതോടെയാണ് തുരുത്തിന്റെ ദുര്യോഗം തുടങ്ങിയത്. കൊതുകും കൂത്താടിയും നിറഞ്ഞ് രോഗകേന്ദ്രമായ കനാലുകളെ 'വാട്ടർ സ്ട്രീറ്റുകൾ ' ആക്കി. മാലിന്യം മാറ്റി ആഴംകൂട്ടി. കയർ ഭൂവസ്ത്രം വിരിച്ച് കണ്ടലുകൾ നട്ട് തീരം ഉറപ്പുള്ളതാക്കി. കനാലുകളിൽ മാലിന്യം വീഴില്ലെന്ന് ഉറപ്പാക്കാൻ സ്ട്രീറ്റ് ക്ലസ്റ്ററുകൾ ആരംഭിച്ചു. അജൈവ മാലിന്യം വീടുകളിലെത്തി ശേഖരിക്കാൻ ഹരിത കർമ്മസേനയും. ഓരോ വീടിന്റെയും ചുവരുകൾ ആർട്സ് സ്ട്രീറ്റുകളായി. ആറ്റുവേലയും ഗരുഡൻ തൂക്കവും ഭദ്രകാളി തീയാട്ടും ഗ്രാമജീവിതവും ബഷീർ കഥാപാത്രങ്ങളുമൊക്കെ മതിലുകളിൽ കഥപറയുന്നു. ജീവശ്വാസം തിരികെ പിടിച്ച കനാലിൽ മീനുകൾ. നാട്ടുകാർ ശിക്കാര വള്ളങ്ങളും സഞ്ചാരികൾക്ക് തുഴയാവുന്ന ചെറുവള്ളങ്ങളും ഇറക്കി വരുമാനം നേടി. ടൂറിസ്റ്റുകൾക്ക് വിദഗ്ദ്ധ സഹായത്തിൽ കയാക്കിംഗ് സൗകര്യവുമുണ്ട്.

ഗുണങ്ങൾ

കൊതുകിന് പകരം തവളക്കൂട്ടം വംശനാശം വന്ന ഞവണിക്ക വീണ്ടും

പുല്ലും പുൽച്ചാടിയും ശലഭങ്ങളും നിറഞ്ഞു

താമസിക്കാൻ

 ടൂറിസം മിഷന്റെ പാക്കേജുകൾ പഞ്ചായത്തിൽ റിസോർട്ടുകൾ  ഹോം സ്റ്റേകൾ ഉടൻ തുടങ്ങും.

കനാലുകൾ തെളിച്ചതാണ് മാറ്രമുണ്ടാക്കിയത്. ഫുഡ് സ്ട്രീറ്റ്, അഗ്രി സ്ട്രീറ്റ് തുടങ്ങിയവ ഉടൻ ആരംഭിക്കും. നാട്ടുകാർക്ക് നാടൻ മീനും പച്ചക്കറിയും വിൽക്കാൻ പുഴക്കരയിൽ നാട്ടുചന്ത 24ന് തുടങ്ങും.

-കെ.രൂപേഷ് കുമാർ,​ ഉത്തരവാദിത്വ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ