മോഷണക്കേസിൽ 22 വർഷത്തിന് ശേഷം പിടിയിൽ

Friday 09 December 2022 11:41 PM IST

തിരൂർ: 22 വർഷങ്ങൾക്കു മുമ്പ് പുല്ലൂർ സ്വദേശിയുടെ വീട്ടിൽ നിന്നും അംബാസിഡർ കാർ കുത്തിത്തുറന്ന് കളവ് ചെയ്തു കൊണ്ടുപോയ കേസിൽ പറമ്പിൽപീടിക സ്വദേശി തിരൂർ പൊലീസിന്റെ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് വീരപ്പൻ റഹീമിന്റെ കൂട്ടാളിയും നിരവധി മോഷണക്കേസുകളിൽ പ്രതിയുമായ മാട്ടിൽ സൈതലവിയാണ് (50) വർഷങ്ങൾക്കുശേഷം അറസ്റ്റിലായത്. 2000 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പിന്നീട് വിദേശത്തായിരുന്ന പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരൂർ സി.ഐ ജിജോ എം.ജെ,​ എ.എസ്.ഐ സുധീർ,​ സീനിയർ സി.പി.ഒമാരായ ഷിജിത്ത്, ഹരികുമാർ സി.പി.ഒ മാരായ അക്ബർ, സുഭാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.