വഴിയാധാരമായി വഴിയോര കച്ചവടക്കാർ

Saturday 10 December 2022 12:55 AM IST

കരുനാഗപ്പള്ളി: ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വഴിയാധാരമായ അവസ്ഥയിലാണ് വഴിയോര കച്ചവടക്കാർ. നഗരസഭയുടെ പരിധിയിൽ വരുന്ന വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞതല്ലാതെ നടപടി എങ്ങുമെത്തിയില്ല. 270 വഴിയോര കച്ചവടക്കാരെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതിനായി രൂപീകരിച്ച വെന്റിംഗ് കമ്മിറ്റി സമയബന്ധിതമായി കൂടുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. അതാണ് വഴിയോര കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നത്.

ഒരിക്കൽ പോലും കമ്മിറ്റി കൂടിയിട്ടില്ല

17 അംഗം വെന്റിംഗ് കമ്മിറ്റിയിൽ 11 പേരും തൊഴിലാളി പ്രതിനിധികളാണ്. ശേഷിക്കുന്നവർ വിവിധ സർക്കാർ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥരാണ് . 8 മാസത്തിന് മുമ്പാണ് തൊഴിലാളി പ്രതിനിധികളെ തിരഞ്ഞെടുത്തത്. എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള കമ്മിറ്റി നിലവിൽ വന്നെങ്കിലും ഒരിക്കൽ പോലും കമ്മിറ്റി കൂടിയിട്ടിലെന്നാണ് അറിയുന്നത്. നാഷണൽ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി തന്നെ വെന്റിംഗ് കമ്മിറ്റി അടയന്തരമായി കൂടി വഴിയോര കച്ചവടക്കാരുടെ പുനരധിവാസ പ്രശ്നം പരിഹരിക്കാനാവശ്യമായ തീരുമാനങ്ങൾ ഉണ്ടാകണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുനത്.

എങ്ങോട്ട് പോകണം

നിലവിൽ നാഷണൽ ഹൈവേയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കരുനാഗപ്പള്ളി ടൗണിലെ വഴിയോര കച്ചവടക്കാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ മുതൽ വടക്കോട്ട് മാറുകയായിരുന്നു. ഇവിടെയും ഹൈവേയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ എങ്ങോട്ട് പോകുമെന്നാണ് വഴിയോര കച്ചവടക്കാർ ചോദിക്കുന്നത്.

"വഴിയോരങ്ങളി വെയിലും മഞ്ഞും മഴയും സഹിച്ച് കൊണ്ടാണ് പലരും കുടുംബം പോറ്റാനായി പണി എടുക്കുന്നത്. രാവിലെ മുതൽ രാത്രി വരെ കഠിനാദ്ധ്വാനം ചെയ്താൽ പോലും മിക്ക ദിവസങ്ങളിലും വീട്ടിലെ പട്ടിണി മാറ്രാൻ കഴിയില്ല. വഴിയോരക്കച്ചവടം കൂടി നഷ്ടപ്പെട്ടാൽ പിന്നെ ആത്മഹത്യ മാത്രമാണ് മുന്നിലുള്ളത്".

നവാസ് കുറ്റിയിൽ

കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി

ഫെഡറേഷൻ ( എ.ഐ.ടി.യു.സി)

കൊല്ലം ജില്ലാ സെക്രട്ടറി