യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലൊരാൾ പിടിയിൽ

Saturday 10 December 2022 12:58 AM IST

കരുനാഗപ്പള്ളി :പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാളെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി .കരുനാഗപ്പള്ളി കാട്ടിൽകടവ് ഷെമീസ് മൻസിലിൽ സമദ് മകൻ ഷംനാസാണ് (30)പിടിയിലായത്. ഒന്നാം പ്രതിയായ ഷംനസിന് അസ്‌ലം എന്നയാൾ ഫിനാൻസായി കാർ വിറ്റിരുന്നു. എന്നാൽ ഇയാൾ കാറിന്റെ ഫിനാൻസ് അടക്കാതായപ്പോൾ അസ്‌ലം കാർ തിരികെ ലഭിക്കുന്നതിനായി പൊലീസിൽ പരാതി നൽകി . ഇതിന്റെ വിരോധത്തിൽ കഴിഞ്ഞമാസം നാലിന് വൈകിട്ട് 5ന് ഷംനാസും സംഘവും അസ്‌ലമിനെ കൊച്ചാലുംമൂട് ജംഗ്ഷനിൽ വച്ച് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയും സോഡാക്കുപ്പി ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീകുമാർ ,എ.എസ്.ഐ ഷാജിമോൻ സി.പി.ഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.