സർവകലാശാല ബില്ലിലെ മണ്ടത്തരം തിരുത്തും

Saturday 10 December 2022 12:59 AM IST

ചൊവ്വാഴ്ച കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട്

പിശക് പുറത്തുകൊണ്ടുവന്നത് കേരളകൗമുദി

തിരുവനന്തപുരം: പ്രോ വൈസ്ചാൻസലർ (പി.വി.സി) തസ്തിക ഇല്ലാത്ത നാല് സർവകലാശാലകളിലും വൈസ്ചാൻസലറുടെ താത്കാലിക ചുമതല പി.വി.സിക്ക് നൽകണമെന്ന സർവകലാശാല ഭേദഗതി ബില്ലിലെ അബദ്ധ വ്യവസ്ഥ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. പി.വി.സി തസ്തികയില്ലാത്ത ഫിഷറീസ്, വെറ്ററിനറി, കാർഷിക, ഡിജിറ്റൽ സർവകലാശാലകളിലും ഈ വ്യവസ്ഥ ബാധകമാക്കിയത് മണ്ടത്തരമാണെന്ന് ചൊവ്വാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബില്ല് പിന്നീട് സബ്ജക്ട് കമ്മിറ്റി പരിഗണിച്ചപ്പോൾ ഐ.ടി, കൃഷി സെക്രട്ടറിമാരും ഈ മണ്ടത്തരം ചൂണ്ടിക്കാട്ടി. ബിൽ വീണ്ടും നിയമസഭയിലെത്തുമ്പോൾ സർക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി ഈ വ്യവസ്ഥ ഒഴിവാക്കാമെന്നും എല്ലാ സർവകലാശാലകളിലും വി.സിയുടെ ഒഴിവുള്ളപ്പോൾ ചാൻസലറും പ്രോചാൻസലറും കൂടിയാലോചിച്ച് വി.സി.യുടെ ചുമതല കൈമാറാനുള്ള ക്രമീകരണമൊരുക്കുമെന്ന ഭേദഗതി ഉൾപ്പെടുത്തുമെന്നും മന്ത്രി പി.രാജീവ് കമ്മിറ്റിയിൽ പറഞ്ഞു. എന്നാൽ, പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് എം.എൽ.എമാർ ഈ നിർദ്ദേശം അംഗീകരിച്ചില്ല.യോഗ്യതയുള്ള മറ്റൊരാൾക്ക് വി.സിയുടെ ചുമതല നൽകണമെന്ന ഭേദഗതി വേണമെന്ന സെക്രട്ടറിമാരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പ് പ്രത്യേകം നൽകാമെന്ന് സതീശൻ അറിയിച്ചു.

 പിന്മാറ്റം ഇങ്ങനെ

വൈസ് ചാൻസലറുടെ താത്കാലിക ചുമതല പി.വി.സിക്ക് നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്കും ഹൈക്കോടതി ഉത്തരവിനുമെതിരാണ്. വി.സിക്കൊപ്പം കാലാവധി തീരുന്ന (കോ-ടെർമിനസ്) വ്യവസ്ഥയിലാണ് പി.വി.സിയുടെ നിയമനം. ഒരു ദിവസത്തേക്കാണെങ്കിലും യോഗ്യതയില്ലാത്തവർക്ക് വി.സിയുടെ ചുമതല നൽകരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. വി.സിയുടെ ശുപാർശയിൽ സിൻഡിക്കേറ്റ് നിയമിക്കുന്ന പി.വി.സിക്ക് യു.ജി.സി നിർദ്ദേശിക്കുന്ന യോഗ്യതകളുണ്ടാവണമെന്നില്ല. ഇതുകൂടി പരിഗണിച്ചാണ് സ‌ർക്കാരിന്റെ പിന്മാറ്റം.

പുറത്താക്കാൻ?

ചാൻസലറെ പുറത്താക്കാനുള്ള വ്യവസ്ഥകളിലൊന്ന് സാന്മാർഗ്ഗിക ദൂഷ്യക്കേസിൽ കുറ്റം തെളിയിക്കപ്പെടുകയും തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുകയും വേണമെന്നാണ്. പിഴയടച്ച് കേസ് തീർക്കുകയോ ഒത്തുതീർപ്പാക്കുകയോ ചെയ്താൽ ചാൻസലറെ പുറത്താക്കാനാവില്ല. ഉന്നതപദവിയിലുള്ള ചാൻസലറെ സാന്മാർഗ്ഗിക ദൂഷ്യപരാതിയുണ്ടാവുമ്പോൾ തന്നെ പുറത്താക്കണമെന്ന് പ്രതിപക്ഷം ഭേദഗതി കൊണ്ടുവരും.