ലഹരി മാഫിയാ ബന്ധത്തിൽ പരസ്പര അരോപണം ആക്രോശം, പോര്, സഭ പ്രക്ഷുബ്ധം, ഇന്നലെ നേരത്തെ പിരിഞ്ഞു

Saturday 10 December 2022 1:01 AM IST

തിരുവനന്തപുരം: ലഹരി മാഫിയയുമായി ബന്ധപ്പെടുത്തി ഭരണ, പ്രതിപക്ഷ അംഗങ്ങൾ ആരോപണ, പ്രത്യാരോപണങ്ങളുമായി പോർ വിളിച്ചതോടെ ഇന്നലെ നിയമസഭ സ്തംഭിച്ചു. കോൺഗ്രസിലെ മാത്യു കുഴൽനാടൻ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനിടെയായിരുന്നു സംഘർഷഭരിതമായ രംഗങ്ങൾ. ഒരുവേള കൈയാങ്കളിയുടെ വക്കോളമെത്തി. തുടർന്ന് മറ്റ് നടപടികൾ സസ്പെൻഡ് ചെയ്ത് രാവിലെ 11.02ന് സഭ ഇന്നലത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ വാക്കൗട്ട് പ്രസംഗത്തിനിടെ നടുത്തളത്തിനടുത്തേക്ക് വന്ന് ഭരണകക്ഷിയംഗങ്ങൾ പ്രതിപക്ഷത്തോട് കയർത്തതോടെയാണ് ബഹളം തുടങ്ങിയത്. പ്രതിപക്ഷാംഗങ്ങളും നടുത്തളത്തിലേക്ക് കുതിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. ലഹരിക്കെതിരായ പോരാട്ടം സമൂഹമൊന്നാകെ ഏറ്റെടുത്തതാണെന്നും ഇതിന് രാഷ്ട്രീയനിറം നൽകരുതെന്നും നോട്ടീസിന് മറുപടി നൽകിയ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

കോഴിക്കോട്ടെയും തിരുവനന്തപുരം മലയിൻകീഴിലെയും ഉദാഹരണങ്ങൾ നിരത്തി മാത്യു കുഴൽനാടൻ ഉയർത്തിയ രാഷ്ട്രീയാരോപണങ്ങൾ മന്ത്രിയെ പ്രകോപിപ്പിച്ചു. മലയിൻകീഴിലെ പ്രതി ജയിലിലാണെന്നും രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് കുഴൽനാടന്റെ പ്രസംഗമെന്നും കുറ്റപ്പെടുത്തി. വയനാട് മേപ്പാടി പോളിടെക്നിക്കിലെ എസ്.എഫ്.ഐ നേതാവായ അപർണ ഗൗരിക്കെതിരെ ആക്രമണം നടത്തിയത് ലഹരിക്കടിപ്പെട്ട കെ.എസ്.യുക്കാരാണെന്ന സൂചനയും നൽകി.

എന്നാൽ ഈ ആക്രമണത്തിന് പിന്നിൽ ലഹരിക്കടിപ്പെട്ട മുൻ എസ്.എഫ്.ഐക്കാരാണെന്ന ആരോപണം വാക്കൗട്ട് പ്രസംഗത്തിനിടെ വി.ഡി.സതീശൻ ഉന്നയിച്ചു. മേപ്പാടിയിലെ മുൻ എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലാണ് മർദ്ദിച്ചതെന്ന് അപർണഗൗരി സ്വകാര്യ ടി.വിചാനലിന് നൽകിയ അഭിമുഖത്തിലുണ്ടെന്ന് പറഞ്ഞതോടെ ഭരണകക്ഷിയംഗങ്ങൾ പ്രകോപിതരായി. പ്രതിഷേധവുമായി ആദ്യം നടുത്തളത്തിനടുത്തേക്ക് എത്തിയത് കെ.എം. സച്ചിൻദേവും ലിന്റോ ജോസഫുമായിരുന്നു. തുടർന്ന് മറ്റു ചിലരുമെത്തി. മന്ത്രിമാരടക്കം പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞു. ഇതിനെ എതിർത്ത് പ്രതിപക്ഷത്തുനിന്ന് ടി. സിദ്ദിഖ് ഉൾപ്പെടെയുള്ളവർ നടുത്തളത്തിലേക്ക് കുതിക്കുകയായിരുന്നു.

രണ്ടുപക്ഷവും ഇങ്ങനെ തമ്മിലടിച്ചാൽ സഭ നടത്തിക്കൊണ്ട് പോകാനാവില്ലെന്നും അംഗങ്ങൾ സീറ്റിലിരിക്കണമെന്നും സ്പീക്കർ എ.എൻ. ഷംസീർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

Advertisement
Advertisement