തീക്കളി നിറുത്തി സാങ്കേതിക യൂണി.: 7000 സർട്ടിഫിക്കറ്റ് അയച്ചു; പരീക്ഷാ ഫലങ്ങൾ റെഡി

Saturday 10 December 2022 1:38 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ് പരീക്ഷ പാസായി വിദേശത്തടക്കം ജോലി നേടിയിട്ടും, ബിരുദ ; സർട്ടിഫിക്കറ്ര് ഹാജരാക്കാത്തതിനാൽ പ്രതിസന്ധിയിലായിരുന്ന ആയിരത്തിലേറെ വിദ്യാർത്ഥികൾക്ക് ആശ്വാസം. മാസങ്ങളായി കെട്ടിക്കിടന്ന, ബിരുദ സർട്ടിഫിക്കറ്റിനുള്ള ഏഴായിരത്തിലേറെ അപേക്ഷകൾ സാങ്കേതിക സർകലാശാല തീർപ്പാക്കി. സർട്ടിഫിക്കറ്റുകൾ തപാലിൽ അയച്ചു കഴിഞ്ഞു.

മൂന്ന്, പത്ത് ദിവസം കൊണ്ട് ബിരുദ സർട്ടിഫിക്കറ്റ് നൽകേണ്ട എക്സ്‌പ്രസ്, ഫാസ്ട്രാക്ക് അപേക്ഷകളാണ് പുതിയ വൈസ്ചാൻസലർ പ്രൊഫ.സിസാ തോമസിനെ ബഹിഷ്കരിക്കുന്നതിനിടെ ഉദ്യോഗസ്ഥർ മുക്കിയത്.

വി.സിക്ക് ഫയലുകൾ നൽകാതെയും സർട്ടിഫിക്കറ്റുകളിൽ ഡിജിറ്റൽ ഒപ്പിടാനുള്ള സംവിധാനമൊരുക്കാതെയും കുട്ടികളെ വലയ്ക്കുന്നതായി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. സിസാതോമസിന് വി.സിയായി തുടരാമെന്ന് ഹൈക്കോടതി ഉത്തരവായതോടെയാണ് ,സർട്ടിഫിക്കറ്റുകൾ അതിവേഗത്തിൽ ശരിയായത്. ഫാസ്‌റ്റ്‌ട്രാക്ക്, എക്സ്‌പ്രസ് അപേക്ഷകളിലും 45 ദിവസമായ സാധാരണ അപേക്ഷകളിലും ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി. 45 ദിവസത്തിൽ താഴെയുള്ളതും ,നിത്യേനയെത്തുന്ന സാധാരണ അപേക്ഷകളുമാണ് ബാക്കി.

ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെ, പ്രോ വൈസ്ചാൻസല‌ർ തടഞ്ഞുവച്ചിരുന്ന 21 ഫലങ്ങളടക്കം നടപടികൾ പൂർത്തിയായ എല്ലാ പരീക്ഷാഫലങ്ങളും പ്രസിദ്ധീകരിച്ചു. ക്രമക്കേടുണ്ടായ ഏതാനും പരീക്ഷകളുടെ ഫലമാണ് വരാനുള്ളത്. രാജശ്രീ അവസാന ദിവസം ഒപ്പിട്ട 500 സർട്ടിഫിക്കറ്റുകൾ റദ്ദാക്കി, പകരം പുതിയവ നൽകി.

അതിവേഗ അപേക്ഷ

പുനരാരംഭിച്ചു

മൂന്നു ദിവസം കൊണ്ട് ബിരുദ സർട്ടിഫിക്കറ്റ് കിട്ടാനുള്ള 4750 രൂപയുടെ എക്സ്‌പ്രസ്, 10 ദിവസം കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടുന്ന 2750 രൂപയുടെ ഫാസ്റ്റ്‌ട്രാക്ക് അപേക്ഷകൾ പുനരാരംഭിച്ചു. മൂന്നു മാസത്തോളമായി ഈ അപേക്ഷകൾ സ്വീകരിക്കുന്നത് നിറുത്തിയിരുന്നു.