ചില്ല ഫൗണ്ടേഷൻ വനിത ഫുട്ബാൾ മത്സരം
കൊല്ലം: ചില്ല ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വനിതാഫുട്ബാൾ മത്സരം 16 ന് വൈകിട്ട് 5 ന് അയത്തിലെ എം.എഫ്.ഐ.പി സ്പോർട്സ് ടർഫിൽ നടക്കും. വനിത കായിക താരങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ചില്ല പ്രീമിയർ വനിതാഫുട്ബാൾ കപ്പിലെ വിന്നർ വുമൺ, ലേഡി വാരിയേഴ്സ് എന്നീ ടീമുകൾ തമ്മിലുള്ള മത്സരമാണ് നടക്കുക. മത്സരം നിയന്ത്രിക്കുന്നതും വനിതകളായിരിക്കും. മത്സരത്തിന്റെ ഭാഗമായി വനിതാ ഫുട്ബാൾ പരിശീലന ക്യാമ്പും സംഘടിപ്പിക്കും. ബാലഭവനിലെ കുട്ടികൾ പങ്കെടുക്കുന്ന പ്രദർശന മത്സരവും നടക്കും. വൈകിട്ട് 6 ന് 'പന്തുരുളും പെൺവഴികൾ' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാകലക്ടർ നിർവഹിക്കും.
എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, വനിതാകമ്മിഷൻ മുൻ അംഗം ഷാഹിദ കമാൽ, ജില്ലാ പൊലീസ് മേധാവി, ഡി.ടി.പി.സി സെക്രട്ടറി രമ്യ, വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ബിജി തുടങ്ങിയവർ പങ്കെടുക്കും.