എൻറിക്വെ തെറിച്ചു
Saturday 10 December 2022 2:23 AM IST
മാഡ്രിഡ് : ലോകകപ്പ് പ്രീ ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ പരിശീലക സ്ഥാനത്തുനിന്ന് ലൂയിസ് എൻറിക്വെയെ പുറത്താക്കി. എൻറിക്വെയ്ക്ക് പകരക്കാരനായി അണ്ടർ 21 ടീമിന്റെ മുൻ കോച്ച് ലുയിസ് ഡി ലാ ഫ്യുവന്റെയെ നിശ്ചയിച്ചിട്ടുമുണ്ട്.
ലോകകപ്പിൽ ഒറ്റമത്സരത്തിൽ മാത്രമാണ് സ്പെയ്നിന് ജയിക്കാനായത്. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയെ 7-0ത്തിന് തോൽപ്പിച്ച സ്പെയ്ൻ പിന്നീട് ജർമ്മനിയോട് സമനിലയിൽ പിരിയുകയും ജപ്പാനോട് തോൽക്കുകയും ചെയ്തെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തി. അവിടെയാണ് ഏറ്റവും വലിയ ദുരന്തം കാത്തിരുന്നത്. മൊറോക്കോയോട് ഷൂട്ടൗട്ടിൽ മൂന്നുകിക്കും പാഴാക്കി പുറത്തായി. പാസിംഗ് ഗെയിമിൽ മാത്രം ശ്രദ്ധിച്ച് ഗോളടിക്കാൻ മറന്നുപോയ എൻറിക്വെയുടെ തന്ത്രപരമായ പരാജയം ഏറെ ചർച്ചയായിരുന്നു.