ഫൈനൽ പോലൊരു ക്വാർട്ടർ

Saturday 10 December 2022 4:06 AM IST

ഇന്നത്തെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും ഫ്രാൻസും നേർക്കുനേർ

ദോഹ: സത്യത്തി​ൽ ഇത്തവണ ഫൈനലി​ൽ ഏറ്റുമുട്ടാൻ ശേഷി​യുണ്ടായി​​രുന്ന രണ്ട് ടീമുകളാണ് ഇന്നത്തെ രണ്ടാം ക്വാർട്ടർ ഫൈനലി​ൽ എതി​രി​ടുന്നത്. ഒരുപിടി സൂപ്പർ താരങ്ങളെ പരിക്കിൽ നഷ്ടമായെങ്കിലും കിലിയൻ എംബാപ്പെയുടെ ഗോളടി മികവിൽ ലോകകിരീടം നിലനിറുത്താമെന്ന് വിശ്വസിക്കുന്ന ഫ്രഞ്ച് പടയും കിരീടം തറവാട്ടിലേക്ക് കൊണ്ടുപോകാനുറച്ച് ഖത്തറിൽ എത്തിയിരിക്കുന്ന ന്യൂജെൻ ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ്

ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ ഓസ്ട്രേലിയയ്ക്കും ഡെൻമാർക്കിനുമെതിരെ വിജയം നേടി പ്രീക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസിന് അവസാന മത്സരത്തിൽ ടുണീഷ്യയോടേറ്റ ഏകപക്ഷീയമായ ഒരുഗോളിന്റെ തോൽവി നാണക്കേടായി. എന്നാൽ പ്രീക്വാർട്ടറിൽ ലെവൻഡോവ്സ്കിയുടെ പോളണ്ടിനെ 3-1ന് തകർത്ത് രാജകീയമായി ക്വാ‌ർട്ടറിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.

മറുവശത്ത് ഇംഗ്ലണ്ട് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇറാനെ 6-2ന് തകർത്ത് ഗംഭരമായി തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ യു.എസ്.എയോട് ഗോൾ രഹിത സമനിലയിൽ കുരുങ്ങിയത് ക്ഷീണമായി. ആ സമനിലയിൽ നിന്ന് പാഠം പഠിച്ച ഇംഗ്ലണ്ട് അവസാന മത്സരത്തിൽ വെയ്ൽസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തരിപ്പണമാക്കി അവസാന പതിനാറിൽ എത്തി. പ്രീക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ പാടേ നിഷ്പ്രഭരാക്കി മറുപടയില്ലാത്ത മൂന്ന് ഗോളിന്റെ വിജയത്തോടെ ആധികാരികമായി ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു.

ഫയറിന് ഫ്രാൻസ്

1.കഴിഞ്ഞ തവണ ഫ്രാൻസിനെ ലോകചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച എംബാപ്പെ തന്നെയാണ് ഇത്തവണയും അവരുടെ കുന്തുമുന. ലോകകപ്പിൽ ഇതുവരെ ഗോളുകൾ നേടി ടോപ് സ്കോറർ സ്ഥാനത്തുള്ള എംബാപ്പെയുടെ വേഗതയ്ക്കൊപ്പം എത്തുകയെന്നത് എതിർ പ്രതിരോധ നിരയ്ക്ക് വലിയ വെല്ലുവിളിയാണ്.

2. ഒളി​വർ ജിറൂദ്, അന്റോയിൻ ഗ്രീസ്മാൻ, ഒസ്‌മാനെ ഡെംബലെ എന്നീ ലോകോത്തര മുന്നേറ്റ നിരക്കാർ ഏത് പ്രതിസന്ധിയിൽ നിന്നും ടീമിനെ കരകയറ്രാൻ കെൽപ്പുള്ളവരാണ്.

3.മിഡ്ഫീൽഡിൽ ഓഹെലിയാൻ ഷുവാമെനിയടെ പ്രകടനം ഈ ലോകകപ്പിൽ ഫ്രഞ്ച് കുതിപ്പിൽ നിർണായകമായി. എൻ ഗോളോ കാന്റെയുടെ അഭാവം നികത്തുന്ന പ്രകടനമാണ് ഈ ഇരുപതുകാരൻ പുറത്തെടുത്തത്.

4. പ്രതിരോധം ഫ്രാൻസിന് തലവേദനയാണ്. കിംപെംബെയേപ്പോലുള്ള കരുത്തരെ പരിക്ക് മൂലം നഷ്ടപ്പെട്ട ഫ്രാൻസ് പ്രതിരോധം ലോകകപ്പിൽ ഇതുവരെ വലിയ രീതിയിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല. ഇംഗ്ലണ്ടിന്റെ കരുത്തുറ്റ മുന്നേറ്റനിര ഫ്രഞ്ച് പ്രതിരോധത്തിന് വെല്ലവിളി ആയേക്കും.

5. സൈഡ് ബഞ്ചിന് കരുത്ത് പോരായെന്നത് ടുണീഷ്യയ്ക്ക് എതിരെ വെളിപ്പെട്ടതാണ്. എംബാപ്പയുൾപ്പെടെയുള്ള വരെ ഇംഗ്ലണ്ട് പൂട്ടിയാൽ എന്താകും ദിദിയർ ദെഷാംപ്സിന്റെ മറുതന്ത്രം എന്നത് അറിയാൻ ആരാധക‌ക്ക് കൗതുകമുണ്ട്.

ഇടിവെട്ടാകാൻ ഇംഗ്ലണ്ട്

1.പ്രതിഭാധനരായ യുവതാരങ്ങളുടേയും പരിചയ സമ്പന്നരുടേയും കൃത്യമായ മിശ്രണമാണ്

ഈ ലോകകപ്പിൽ കളിക്കുന്ന ഇംഗ്ലണ്ട് ടീം.

2. ഒരു ഗോളിൽ കടിച്ചു തൂങ്ങുന്ന സ്ഥിരം ശൈലി ഒഴിവാക്കി മികച്ച ആക്രമണങ്ങളുമായി എതിർ വലയിൽ ഗോൾ നിറയ്ക്കുന്ന സംഘമായിമാറി ഇംഗ്ലണ്ട്.

3. ബെല്ലിംഗ്ഹാം, റാഷ്ഫോർഡ്,സാക്ക, കെയ്ൻ, ഫോഡൻ തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണന്നത് ഇംഗ്ലണ്ടിന് വലിയ പ്ലസ് പോയിന്റാണ്. മാഞ്ചസ്റ്റർ ജേഴ്സിയിൽ നിറം മങ്ങിയിരുന്ന ഹാരി മഗ്യൂർ ദേശീയ ജേഴ്സിയിൽ പുറത്തടുക്കുന്ന മാച്ച് വിന്നിംഗ് പ്രകടനം ഇംഗ്ലണ്ട് പ്രതിരോധത്തെയും കരുത്തുറ്റതാക്കുന്നു.

ഇറാനെതിരെ മാത്രമേ ഇംഗ്ലണ്ട് ഗോൾ വഴങ്ങിയിട്ടുള്ളൂ.

4. എംബാപ്പെയുടെ വേഗതയ്ക്ക് തടയിടുകയെന്നതാണ് ഇംഗ്ലണ്ടിന്റെ വലിയ വെല്ലുവിളി. കെയ്ൽ വാക്കർക്കാകും എംബാപ്പെയെ തടയാനുള്ള പ്രധാന ചുമതല .

5. പ്രധാന മത്സരങ്ങളുടെ സമ്മർദ്ദം അതിജീവിക്കുകയെന്നതും ഇംഗ്ലണ്ടിന് ഇന്ന് പ്രധാനമാണ്.

9- ഗോളുകൾ നേടിയാണ് ഫ്രാൻസ് ക്വാർട്ടറിൽ എത്തിയത്. വഴങ്ങിയത് 4 ഗോളുകൾ

12- ഗോളുകൾ ഇംഗ്ലണ്ട് എതിർ വലയിൽ അടിച്ചു കയറ്റിയപ്പോൾ വഴങ്ങിയത് 2 എണ്ണം മാത്രം. ഇറാനെതിരെ ഒഴിച്ച് ബാക്കി മൂന്ന് മത്സരങ്ങളിലും ക്ലീൻ ഷീറ്റ്.

9- ലോകകപ്പിലെ 9-ാം ക്വാർട്ടർ ഫൈനലിനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

9-ഫ്രാൻസിന്റെയും ലോകകപ്പ് ചരിത്രത്തിലെ ഒമ്പതാം ക്വാർട്ടർ ഫൈനലാണിത്.

ഇംഗ്ലണ്ട് - ഫ്രാൻസ്

രാത്രി 12.30 മുതൽ

അൽ ബൈത്ത് സ്റ്റേഡിയം

നേർക്കു നേർ

ഇതുവരെ മുഖാമുഖം വന്ന മത്സരങ്ങളിൽ 17 എണ്ണത്തിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ തോൽപ്പിച്ചു. ഫ്രാൻസിന് ജയിക്കാനായത് 9 എണ്ണത്തിൽ. അഞ്ച് മത്സരങ്ങൾ സമനിലയായി.

3 -ലോകപ്പിൽ മൂന്നാം തവണയാണ് ഇരുടീമും ഏറ്രുമുട്ടുന്നത്. രണ്ട് തവണയും ഇംഗ്ലണ്ടിനായിരുന്നു ജയം.

ഫ്രാൻസ്

കോച്ച് : ദെഷംപ്സ്

ക്യാപ്ടൻ: ഹ്യൂഗോ ലോറിസ്

മികച്ച പ്രകടനം : 1998ലും 2018ലും ചാമ്പ്യൻമാരായി.

ഇംഗ്ലണ്ട്

കോച്ച്: സൗത്ത്ഗേറ്റ്

ക്യാപ്ടൻ: ഹാരി കേൻ

മികച്ച പ്രകടം:

1966ൽ ചാമ്പ്യൻമാരായി

ക്വാർട്ടറിലേക്കുള്ള വഴി

ഫ്രാൻസ്

ഗ്രൂപ്പ് ഡി ചാമ്പ്യൻമാർ

Vs ഓസ്ട്രേലിയ 4-1

Vs ഡെൻമാർക്ക് 2-1

Vs ടുണീഷ്യ 0-1

പ്രീക്വാർട്ടർ

Vs പോളണ്ട് 3-0

ഇംഗ്ലണ്ട്

ഗ്രൂപ്പ് ബിചാമ്പ്യൻമാർ

Vs ഇറാൻ 6-2

Vs യു.എസ്.എ 0-0

Vs വെയ്ൽസ് 3-0

സാധ്യതാ ഇലവൻ

ഇംഗ്ലണ്ട്: പിക്ഫോർഡ്, വാൽക്കർ,സ്റ്രോൺസ്, മഗ്യൂർ,ഷോ, ഹെൻഡേഴ്സൺ, റൈസ്, ബെല്ലിംഗ്ഹാം, ഫോഡൻ,കേൻ, സാക്ക

ഫ്രാൻസ്: ലോറിസ്,കൗണ്ടേ, വരാനെ,ഉപമെക്കാനൊ, ഹെർണാണ്ടസ്, ച്യുവാമെനി,റാബിയോട്ട്, ഗ്രീസ്മാൻ,ഡെംബലെ,ജിറൂഡ്,എംബാപ്പെ.