റെഗ്രാഗുയി, മൊറോക്കോയുടെ മജീഷ്യൻ!

Saturday 10 December 2022 4:10 AM IST

ദോഹ:പരിശീലക സ്ഥാനം ഏറ്റെടുത്ത നൂറ് ദിവസം തികയും മുമ്പെ മൊറോക്കൻ ഫുട്ബാൾ ടീമിനെ ലോകകപ്പ് ക്വാർട്ടറിൽ എത്തിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വാലിദ് റെഗ്രാഗുയി. ലോകകപ്പ് ക്വാർട്ടറിൽ ടീമിനെയെത്തിക്കുന്ന ആദ്യ ആഫ്രിക്കൻ പരിശീലകൻ എന്ന ഒരിക്കലും തകർക്കപ്പെടാത്ത സുവർണ നേട്ടവും വാലിദ് റെഗ്രാഗുയി സ്വന്തം പേരിലാക്കി കഴിഞ്ഞു. ഈ വർഷം ഓഗസ്റ്റ് 31നാണ് വാലിദ് ഹാലിൽഹോസിച്ചിന് പകരക്കാരനായി റെഗ്രാഗുയി മൊറോക്കോയുടെ പരിശീലക സ്ഥാനം ഏറ്രെടുത്തത്. തുടർന്ന് മൊറോക്കോ കളിച്ച ഏഴ് മത്സരങ്ങളിലും തോറ്റിട്ടില്ല എന്ന് മാത്രമല്ല എതിരാളികളെയാരേയും സ്വന്തം വലയിൽ പന്തെത്തിക്കാൻ സമ്മതിച്ചിട്ടുമില്ല.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മൊറോക്കോയുടെ വലയിൽ പന്തെത്തിയെങ്കിലും അത് അവരുടെ തന്നെ നയിഫ് അഗുയേർഡിന്റെ പിഴവിൽ വന്ന സെൽഫ് ഗോളിലൂടെയായിരുന്നു. മുൻ ലോക ചാമ്പ്യൻമാരായ കരുത്തരായ സ്‌പെയ്‌നിനെ പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട പ്രീക്വാർട്ടറിൽ മലർത്തിയടിച്ചാണ് റെഗ്രാഗുയിയുടെ മൊറോക്കോ ക്വാർട്ടറിൽ ഇടം ഉറപ്പിച്ചത്. ഒറ്റ സ്പാനിഷ് താരത്തിനും ഷൂട്ടൗട്ടിൽ പോലും മൊറോക്കൻ വലകുലുക്കാനായില്ല.

ദേശീയ ടീമിന്റെ പരിശീലകനാകുന്നതിന് മുമ്പ് മൊറോക്കൻ ക്ലബ് അൽ വിദാദ് അത്‌ലറ്റിക്സിന്റെ പരി

ശീലകനായിരുന്നു റെഗ്രാഗുയി. വിദാദിനെ മൊറോക്കൻ ദേശീയ ലീഗ് ചാമ്പ്യൻമാരും ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളുമാക്കിയാണ് റെഗ്രാഗുയി ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ടീമുമായി ഉടക്കി വിരമിക്കൽ പ്രഖ്യാപിച്ച സൂപ്പർ താരം ഹക്കിം സിയെഷിനെ തിരികെ കൊണ്ടുവരികയാണ് റെഗ്രഗുയി ആദ്യം ചെയ്തത്. ടീമിൽ ഒത്തിണക്കത്തിന് അദ്ദേഹം വലിയ പ്രാധാന്യം നൽകി.

സെപ്തംബർ 24ന് ചിലിക്കെതിരായ സൗഹൃദ മത്സരത്തിലാണ് റെഗ്രാഗുയുടെ ശിക്ഷണത്തിൽ മൊറോക്കോ ആദ്യമായി കളത്തിലിറങ്ങിയത്. ആ മത്സരത്തിൽ 3-0ത്തിന് ചിലിയെ വീഴ്ത്തി തുടങ്ങിയ മൊറോക്കൻ പടയോട്ടത്തിൽ ബൽജിയം, പരാഗ്വെ, സ്പെയൻ തുടങ്ങിയ വമ്പൻമാരെല്ലാം കടപുഴകി. ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ചു. 1975 സെപ്തംബർ 23ന് ഫ്രാൻസിൽ ജനിച്ച റെഗ്രാഗുയി റൈറ്റ് ബാക്കായി മൊറോക്കൻ ദേശീയ ടീമിനായി 2001 മുതൽ 2009 വരെ 45 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.