ക്രൊയേഷ്യൻ കൊടുങ്കാറ്റ്

Saturday 10 December 2022 4:14 AM IST

ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി ക്രൊയേഷ്യ ലോകകപ്പ് സെമിയിൽ

ഗോൾ കീപ്പർ ലിവാകോവിച്ച് ക്രൊയേഷ്യയുടെ വിജയ ശില്പി

ദോഹ: ഒരി​ക്കൽക്കൂടി​ പെനാൽറ്റി​ ഷൂട്ടൗട്ടി​ന്റെ തീച്ചൂളയി​ൽ നി​ന്ന് അജയ്യനായി ഉയർന്നുവന്ന​ ഡൊമിനിക്ക് ലിവാക്കോവിച്ചെന്ന സൂപ്പർ ഗോളിയുടെ ചിറകിലേറി ക്രൊയേഷ്യ ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി.

ഇന്നലെ ഖത്തറിലെ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ബ്രസീലിന് കീഴടക്കാൻ കഴി​യാത്ത ഒരു കോട്ട പോലെയായി​രുന്നു ആദ്യ 105 മിനിട്ടുകളിൽ ക്രൊയേഷ്യ. അവിടെവച്ച് നെയ്മറെന്ന വിസ്മയതാരത്തിന്റെ ഡ്രിബിളിംഗ് പാടവം മുഴുവൻ കണ്ട അതിസുന്ദമാരയൊരു ഗോളിലൂടെ ബ്രസീൽ മുന്നിലെത്തുന്നു. എന്നാൽ തങ്ങൾക്കുമുന്നിൽ വഴിയടഞ്ഞിട്ടില്ലെന്ന ദൃഡനിശ്ചയവുമായി കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ പിന്നെയും പൊരുതുമ്പോൾ വിജയം ആഘോഷിക്കാനുള്ള വെമ്പലിൽ മഞ്ഞക്കുപ്പായക്കാർ ഒരു നിമിഷം കളി മറന്നു. പഴുതു തുറന്നുകിട്ടിയ ആ സമയം മതിയായിരുന്നു ബ്രൂണോ പെറ്റ്കോവിച്ചിന് കളി സമനിലയിലാക്കാൻ.

ഇതോടെ തുറക്കപ്പെട്ട ഷൂട്ടൗട്ടിന്റെ വാതിലിൽ ആദ്യ കിക്കെടുത്ത ബ്രസീലുകാരൻ റോഡ്രിഗോയെ തടുത്തിട്ട് ലിവാകോവിച്ച് മഹാമേരുവായി മാറിയപ്പോൾതന്നെ ബ്രസീലിന്റെ മാനമിരുണ്ടു. തുടർന്ന് ക്രൊയേഷ്യയ്ക്കായി വ്ളാസിച്ചും മയേറും മൊഡ്രിച്ചും ഓർസിച്ചും കൃത്യമായി കിക്കുകൾ വലയിലാക്കിയപ്പോൾ ബ്രസീലിന്റെ നാലാം കിക്കെടുത്ത മാർക്വിഞ്ഞോസിന് പിഴച്ചു. ആ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തേക്കുപോയതുപോലെ ഏറ്റവും കൂടുതൽ തവണ ലോകകപ്പിൽ ഉമ്മ വച്ചിട്ടുള്ള ബ്രസീലുകാരും ലോകകപ്പിൽ നിന്ന് പുറത്തായി.

നിശ്ചിത സമയത്തും അധിക സമയത്തും പതിനൊന്നോളം ബ്രസീലിയൻ ഗോൾ ശ്രമങ്ങൾ നിർവീര്യമാക്കിയ ലിവാക്കോവിച്ച് പ്രീക്വാർട്ടിറിലെപ്പോലെ ക്വാർട്ടറിലും ക്രൊയേഷ്യയുടെ രക്ഷകനാവുകയായിരുന്നു. മറുവശത്ത് ടാർജറ്റിലേക്ക് ഒരുഷോട്ട് മാത്രമെടുത്ത ക്രൊയേഷ്യ അത് ഗോളുമാക്കി. പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയക്കെതിരെ ഇറങ്ങിയ അതേ ഇലവനെ തന്നെയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ കളത്തിലിറക്കിയത്. മറുവശത്ത് ക്രൊയേഷ്യ ജപ്പാനെതിരെ ഇറങ്ങിയ ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തി. ലെഫ്റ്റ് വിംഗറായി സോസ തിരിച്ചെത്തിയപ്പോൾ ബരിസിച്ചിന് സ്ഥാനം നഷ്ടമായി. മുന്നേറ്റത്തിൽ പെറ്റ്കോവിച്ചിന് പകരം പസാലിച്ചിനും ക്രൊയേഷ്യൻ കോച്ച് ഡാലിച്ച് അവസരം നൽകി. റിച്ചാർ‌ലിസണെ പ്രധാന സ്ട്രൈക്കറാക്കി തൊട്ടുപിന്നിൽ നെയ്മറും വിംഗുകളിൽ വിനീഷ്യസും റാഫീഞ്ഞയും അണിനിരന്ന് 4-2-3-1 ശൈലിയിലാണ് ബ്രസീൽ കളത്തിലിറങ്ങിയത്. സെന്റർ സ്ട്രൈക്കറായി ക്രമാറിച്ചും വിങ്ങുകളിൽ പസാലിച്ചിനേയും പെരിസിച്ചിനേയും ഇറക്കി 4-3-3 ശൈലിയിലായിരുന്നു ക്രൊയേഷ്യയെ ഡാലിച്ച് വിന്യസിച്ചത്.

ബ്രസീലിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യ പകുതിയിൽ പ്ലേമേക്ക‌ർ ലൂക്ക മൊഡ്രിച്ചിന്റെ നേൃത്വത്തിൽ ക്രൊയേഷ്യ പുറത്തെടുത്തത്. 12-ാം മിനിട്ടിൽ ക്രൊയേഷ്യയ്ക്ക് ലീഡ് നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും പെരിസിച്ച് നഷ്ടമാക്കി. വലതുവിംഗിലൂടെ ജുരാനോവിച്ച് നടത്തിയ വേഗത്തിലുള്ള നീക്കമാണ് ക്രൊയേഷ്യയ്ക്ക് ഗോൾ പ്രതീക്ഷ നൽകിയത്. ജുരാനോവിച്ചിൽ നിന്ന് കിട്ടിയ പന്ത് സ്വീകരിച്ച് പസാലിച്ച് ബ്രസീലിയൻ ബോക്സിലേക്ക് കൊടുത്ത ക്രോസ് കണക്ട് ചെയ്യാൻ പെരിസിച്ചിന്കഴിയാതെ പോവുകയായിരുന്നു. തൊട്ടുപിന്നാലെ അലിസൺന്റെ പിഴവിൽ നിന്ന് കിട്ടിയ പന്തിൽ മൊഡ്രിച്ച് നടത്തിയ നീക്കവും ലക്ഷ്യം കണ്ടില്ല. താളം കണ്ടെത്തിയ ബ്രസീലും ക്രൊയേഷ്യൻ ബോക്സിലേക്ക് ആക്രമണങ്ങൾ നയിച്ചു. 42-ാം മിനിട്ടിൽ വിനീഷ്യസിനെ പെനാൽറ്റി ബോക്സിന് തൊട്ടുവെളിയിൽ വച്ച് ബ്രസോവിച്ച് വീഴ്ത്തിയതിന് ബ്രസീലിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാൽ നെയ്മറെടുത്ത ഫ്രീകിക്ക് ക്രൊയേഷ്യൻ പ്രതിരോധത്തിൽ ചെറുതായി തട്ടിയെങ്കിലും ഗോളി ലിവാകോവിച്ച് കൃത്യമായി കൈകളിലൊതുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കം മുതലേ ബ്രസീൽ ആക്രമണം തുടങ്ങി. 46-ാം മിനിട്ടിൽ തന്നെ ബ്രസീൽ ലീഡിനടുത്തെത്തിയെങ്കിലും ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് വൻമതിലായി. തൊട്ടുപിന്നാലെയുള്ള ആക്രമണത്തിലും ലിവാകോവിച്ചും ഗ്വാർഡിയോളും ക്രൊയേഷ്യയെ കാത്തു. 53-ാം മിനിട്ടിൽ ക്രൊയേഷ്യയുടെ പെരിസിച്ചിന്റെ ഷോട്ട് പുറത്തേക്ക് പോയി. തുടർന്നും ബ്രസീലിയൻ ആക്രമണങ്ങളെ സമർത്ഥമായി ലിവാകൊവിച്ചും ക്രൊയേഷ്യൻ പ്രതിരോധവും തടഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയി.

എക്സ്ട്രാ ടൈമിലെ ആദ്യ പകുതിയുടെ അധികസമയത്ത് നെയ്മർ ബ്രസീലിന് ലീഡ് സമ്മാനിച്ചു. എന്നാൽ 116-ാം മിനിട്ടിൽ പെറ്റ്കോവിച്ച് ക്രൊയേഷ്യയ്ക്ക് സമനില സമ്മാനിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ഗോളുകൾ ഇങ്ങനെ

1-0

105+1 മിനിട്ട്

നെയ്മർ

എക്സ്ട്രാ ടൈമിലെ ആദ്യ പകുതിയുടെ അധിക സമയത്ത് ലൂകാസ് പക്വേറ്രയുമായി പന്ത് കൊടുത്ത് വാങ്ങി നെയ്മർ നടത്തിയ മുന്നേറ്രമാണ് ഗോളായി മാറിയത്. പക്വേറ്റ നൽകിയ പന്തുമായി ബോക്സിലേക്ക് കയറി തടയാനെത്തിയ ക്രൊയേഷ്യൻ പ്രതിരോധ നിരയേയും ഗോൾ കീപ്പർ ലിവാകോവിച്ചിനേയും തന്റെ പ്രതിഭ കൊണ്ട് നിഷ്പ്രഭമാക്കി കളഞ്ഞ നെയ്മർ മനോഹരമായ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.

1-1

116-ാം മിനിട്ട്

പെറ്റ്‌കോവിച്ച്

കൗണ്ടർ അറ്റാക്കിലൂടെയാണ് ബ്രൂണോ പെറ്റ്‌കോവിച്ച് ക്രൊയേഷ്യയ്ക്ക് സമനില സമ്മാനിച്ചത്. ലൂക്ക മൊഡ്രിച്ചിന്റെ കൃത്യമായ ഇടപെടലും ഗോളിന് പിന്നിലുണ്ടായിരുന്നു. പ്രതിരോധം മറന്ന് ആക്രമിക്കാൻ ഇറങ്ങിയ ബ്രസീലിന്റെ പിഴവ് മുതലാക്കിയുള്ള കൗണ്ടർ അറ്റാക്കിനിടെ ഒാർസിച്ച് ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് ഓടിയെത്തിയ പെറ്റ്കോവിച്ച് ഇടങ്കാലൻ ഷോട്ടിലൂടെ ഗോളാക്കുകയായിരുന്നു. പെറ്ര്‌കോവിച്ചിന്റെ ഷോട്ട് തടയാനെത്തിയ തിയാഗോ സിൽവയുടെ ദേഹത്ത് തട്ടിയ പന്ത് ഫുൾലെംഗ് ഡൈവ് നടത്തിയ അലിസണെ മറികടന്ന് വലയിലെത്തി.

ഷൂട്ടൗട്ടിൽ ഇങ്ങനെ

ക്രൊയേഷ്യ

വ്ളാസിച്ച്

മയേർ

മൊഡ്രിച്ച്

ഓർസിച്ച്

ബ്രസീൽ

റോഡ്രിഗോ

കാസിമെറോ

പെഡ്രോ

മാർക്വിഞ്ഞോസ്

77- ബ്രസീലിനായി ഏറ്രവും കൂടുതൽ ഗോൾ നേടിയ ഇതിഹാസ താരം പെലെയ്ക്കൊപ്പമെത്താൻ നെയ്മർക്കായി. ഇരുവരും ബ്രസീലിനായി 77 ഗോളുകൾ നേടിയിട്ടുണ്ട്.

1

ഇതാദ്യമായാണ് ബ്രസീലിനെ ഒരുമത്സരത്തിൽ തോൽപ്പിക്കാൻ ക്രൊയേഷ്യയ്ക്ക് കഴിയുന്നത്. 2006ലും 2014ലും ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിൽ ബ്രസീലുമായി തോൽക്കുകയായിരുന്നു.

2

തുടർച്ചയായ രണ്ടാം ലോകകപ്പ് ഷൂട്ടൗട്ടിലാണ് ഗോളി ലിവാകോവിച്ച് ക്രൊയേഷ്യയെ രക്ഷപെടുത്തുന്നത്. പ്രീ ക്വാർട്ടറിൽ ജപ്പാനെതിരെയായിരുന്നു ലിവാകോവിച്ചിന്റെ രക്ഷാപ്രവർത്തനം. കഴിഞ്ഞ ലോകകപ്പിലും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും ഷൂട്ടൗട്ടിലൂടെയാണ് ക്രൊയേഷ്യ വിജയം കണ്ടത്. അന്ന് സുബാസിച്ചായിരുന്നു ഗോളി.

3

ഇത് മൂന്നാം തവണയാണ് ക്രൊയേഷ്യ ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്നത്. 1998ൽ ആദ്യമായി ക്വാർട്ടറിലെത്തിയപ്പോൾ ജർമ്മനിയെ തോൽപ്പിച്ചു.2018ൽ റഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് സെമിയിലെത്തി.

4

കഴിഞ്ഞ അഞ്ച് ലോകകപ്പുകളിൽ നാലെണ്ണത്തിലും ബ്രസീൽ പുറത്തായത് ക്വാർട്ടർ ഫൈനലിൽ . 2002ന് ശേഷം ഇതുവരെ ലോകകിരീടം നേടാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല.

Advertisement
Advertisement