വിവരാവകാശ അപേക്ഷാഫീസ് ചട്ടപ്രകാരം അടയ്ക്കണമെന്ന് കമ്മിഷൻ

Sunday 11 December 2022 12:45 AM IST

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാർഗങ്ങളിലൂടെയാകണമെന്നു നിർദ്ദേശിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവ്.

സർക്കാർ ട്രഷറിയിലെ 0070-60-118-99-റെസിപ്റ്റ്സ് അണ്ടർ ആർ.ടി.ഐ ആക്ട് എന്ന ശീർഷകത്തിൽ ഒടുക്കിയ ചെലാൻ, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ / സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്നിവരുടെ ഓഫീസുകളിൽ നേരിട്ടു പണമടച്ച രസീത്, കോർട്ട്ഫീ സ്റ്റാംപ്, ഡിമാൻഡ് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓർഡർ എന്നിവ മുഖേന അടയ്ക്കാം. അക്ഷയ കോമൺ സർവീസ് സെന്ററുകൾ മുഖേനയോ സർക്കാർ അധികാരപ്പെടുത്തിയ ഏജൻസിയിൽ ഓൺലൈൻ സോഫ്റ്റ്‌വെയർ മുഖേനയോ ഇ-പേയ്മെന്റ് ഗേറ്റ്‌വേ പോലുള്ള മാർഗങ്ങളിലൂടെ സർക്കാർ അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് പേയ്മെന്റായോ പണമടയ്ക്കാം.

ബാങ്കുകൾ എന്നതുപോലെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം പേ ഓർഡറുകൾ നൽകാറുണ്ടെങ്കിലും ബാങ്കുകളുടെ പേ ഓർഡർ മാത്രമേ കേരളത്തിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്ക് സ്വീകരിക്കാൻ അനുമതിയുള്ളൂ. അങ്ങനെയല്ലാതെ പണം സ്വീകരിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ കമ്മിഷൻ വ്യക്തമാക്കി.